കോണ്‍ഗ്രസിന്റെ കഥ ഏകദേശം കഴിഞ്ഞു, അതുപോലെ ബി.ജെ.പിയും ഇല്ലാതാകും: അഖിലേഷ് യാദവ്
national news
കോണ്‍ഗ്രസിന്റെ കഥ ഏകദേശം കഴിഞ്ഞു, അതുപോലെ ബി.ജെ.പിയും ഇല്ലാതാകും: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th March 2023, 4:57 pm

കൊല്‍ക്കത്ത: കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന് കോണ്‍ഗ്രസിനെ പോലെ ബി.ജെ.പിയും ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാകുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പണ്ട് കോണ്‍ഗ്രസും കേന്ദ്ര ഏജന്‍സികളെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്നും അത് ഇന്ന് ബി.ജെ.പി പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മുന്‍പ് കോണ്‍ഗ്രസും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തിരുന്നു. ഇന്ന് അതേ കാര്യമാണ് ബി.ജെ.പിയും ചെയ്യുന്നത്. കാലക്രമേണ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം കുറഞ്ഞതുപോലെ രാജ്യത്ത് നിന്ന് പതിയെ ബി.ജെ.പിയും ഇല്ലാതാകും. അതിനുള്ള ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പി.എ രണ്ടാം വട്ടവും അധികാരത്തിലെത്തിയ സമയത്ത് അവര്‍ വാഗ്ദാനം ചെയ്ത ജാതി സെന്‍സസ് നടപ്പാക്കിയില്ല. ബി.ജെ.പി സര്‍ക്കാര്‍ അത് നടപ്പാക്കണം,’ അഖിലേഷ് യാദവ് പറഞ്ഞു.

എന്നാല്‍ ജാതി സെന്‍സസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും കോണ്‍ഗ്രസിനെ പോലെ ബി.ജെ.പിക്കും സെന്‍സസ് നടപ്പാക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം മുന്നണിക്കായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാള്‍ മഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും മുന്നണിക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ബി.ജ.പിക്ക് എതിരെ പോരാടുക എന്നതായിരിക്കും മുന്നണിയുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Era of Congress has ended, BJP will end soon says Akhilesh Yadav