വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം കൊണ്ടും എപ്സ്റ്റീന്‍ ഫയല്‍സിലെ ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനാകാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രംപ് ലൈംഗിക പീഡനത്തിരയാക്കിയെന്ന വെളിപ്പെടുത്തലുള്‍പ്പെട്ട എപ്സ്റ്റീന്‍ ഫയല്‍സ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു.
ഇത്രയും ദിവസം മറച്ചുവെച്ചിരിക്കുകയായിരുന്ന 16ഓളം പേജുകളാണ് വകുപ്പ് പുതുതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത തന്നെ ട്രംപ് പീഡനത്തിനിരയാക്കിയിരുന്നെന്ന ഒരു സ്ത്രീയുടെ വെളിപ്പെടുത്തലും അവര്‍ എഫ്.ബി.ഐയുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് പുറത്തെത്തിയ പേജുകളിലുള്ളത്.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനാണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്നും എപ്സ്റ്റീനും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തുന്നു.
ട്രംപിനെതിരെ ആരോപണം ഉന്നയിച്ച യുവതി എഫ്.ബി.ഐയെ വിളിച്ച് പ്രാഥമികമായി വിവരങ്ങള്‍ അറിയിക്കുന്നതിന്റെ രേഖകളും പുറത്തെത്തിയവയില്‍ ഉള്‍പ്പെടുന്നു.
അതേസമയം, പ്രത്യേക അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളായതുകൊണ്ടാണ് പലതും പുറത്തുവിടാത്തതെന്നും നിയമാനുസൃതമായി രേഖകളെല്ലാം പ്രസിദ്ധീകരിക്കുമെന്നും യു.എസ് നീതിന്യായ വകുപ്പ് പറഞ്ഞതായി എന്‍.പി.ആര്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Epstein files: Woman says she was sexually assaulted by Trump