വാഴ്‌സോ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യകടത്ത് സംബന്ധിച്ച അന്വേഷണമാരംഭിച്ച് പോളണ്ട്.
എപ്സ്റ്റീന്‍ ബന്ധത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് നീതിന്യായ മന്ത്രിയും പ്രോസിക്യൂട്ടര്‍ ജനറലുമായ വാള്‍ഡെമര്‍ ജുറക് ആവശ്യപ്പെട്ടു.
പോളണ്ടിലെ നാഷണല്‍ പ്രോസിക്യൂട്ടര്‍ ഓഫീസിലെ ‘ഇന്‍വെസ്റ്റിഗേറ്റീവ് ടീം നമ്പര്‍ 5’ ആണ് മനുഷ്യകടത്ത് സംബന്ധിച്ച കേസ് ഔദ്യോഗികമായി ഫയല്‍ ചെയ്തിരിക്കുന്നത്.
2009 മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പോളണ്ടിലും മറ്റ് രാജ്യങ്ങളിലും നടന്ന മനുഷ്യക്കടത്ത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോളിഷ് നാഷണല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ജെഫ്രി എപ്സ്റ്റീന്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട ക്രിമനല്‍ സംഘം പോളണ്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നതാണ് കേസ്.
എപ്സ്റ്റീന് റഷ്യന്‍ രഹസ്യാന്വേഷണല ഏജന്‍സികളുമായും പോളണ്ടുമായുളള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ഡസ്‌ക്ക് കഴിഞ്ഞമാസം പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രോസിക്യൂഷന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങളുടെ കൈവശം പോളിഷ് പെണ്‍കുട്ടികളുണ്ടെന്ന് എപ്‌സ്റ്റീന്‍ സംഘം പരസ്പരം ആശയവിനിമയം നടത്തിയതിന്റെ സൂചനകള്‍ ഉണ്ട്. ഇതേ തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
കേസിന്റെ അന്വേഷണത്തിനായി പോളണ്ട് മറ്റ് രണ്ട് യൂറോപ്യന്‍ രാജ്യങ്ങളോട് കൂടി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഇരകളായവര്‍ക്ക് നേരിട്ട് അന്വേഷണ സംഘവുമായി ബന്ധപ്പെടാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും നാടുകടത്തുകയും ചെയ്ത കേസുകളിലെ കുറ്റവാളിയാണ് എപ്സ്റ്റീന്‍. തടവുകാരനായിരിക്കെ 2019ന് ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന വാദവും ശക്തമാണ്.
ട്രംപ് അടക്കമുള്ള നേതാക്കളുടെ പേരുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ എപ്സ്റ്റീന്‍ ഫയല്‍സിലുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
Content Highlight: Epstein files; Poland launches human trafficking investigation
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.