പി. മോഹനന്‍ അങ്ങനെ പറയാന്‍ സാധ്യതയില്ല; മാധ്യമങ്ങളുടെ ചോദ്യം മോഹനന് മനസിലായിട്ടുണ്ടാവില്ലെന്നും ഇ.പി ജയരാജന്‍
kERALA NEWS
പി. മോഹനന്‍ അങ്ങനെ പറയാന്‍ സാധ്യതയില്ല; മാധ്യമങ്ങളുടെ ചോദ്യം മോഹനന് മനസിലായിട്ടുണ്ടാവില്ലെന്നും ഇ.പി ജയരാജന്‍
ന്യൂസ് ഡെസ്‌ക്
Thursday, 23rd January 2020, 10:23 pm

തിരുവനന്തപുരം: അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറയാന്‍ സാധ്യതയില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍.

യു.എ.പി.എ വിഷയത്തില്‍ സി.പി.ഐ.എമ്മിലും സര്‍ക്കാരിലും ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യം മോഹനന് മനസിലായിട്ടുണ്ടാവില്ല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഇല്ലെന്നും ജയരാജന്‍ പറഞ്ഞു.

യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.

യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാരിന് നിയമപരമായാണ് മുന്നോട്ടു പോകാനാവുകയെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞതെന്നും അതിനെ മുഖ്യമന്ത്രിക്കെതിരാക്കി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചെന്നും പി. മോഹനന്‍ പറഞ്ഞു.

നേരത്തെ അലന്‍ താഹ വിഷയത്തില്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും അലനും താഹയ്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നുമായിരുന്നു പി. മോഹനന്‍ പറഞ്ഞത്.
അവരുടെ ഭാഗം കേട്ടിട്ടേ മാവോയിസ്റ്റുകള്‍ എന്ന് പറയാന്‍ പറ്റൂ. മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്ന് പരിശോധിക്കുകയാണ്.അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തുവരാനാണ് ആഗ്രഹം. യു.എ.പി.എയോട് ഇപ്പോഴും താന്‍ എതിരാണെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു.

യു.എ.പി.എ ചുമത്തുന്നതിനോട് ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കോ സി.പി.ഐ.എമ്മിനോ യോജിപ്പില്ല. അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ ഇപ്പോള്‍ ഒരു സംവിധാനവും ഇല്ല.

ഇവരുടെ കേസില്‍ യു.എ.പി.എ ചുമത്തേണ്ടതില്ല എന്ന് തന്നെയാണ് ഞങ്ങള്‍ പറഞ്ഞത്. ഇവര്‍ മാവോയിസ്റ്റ് ആയാല്‍ തന്നെ യു.എ.പി.എ ചുമത്തേണ്ടതില്ല. നിയമാനുസൃതമായി ഇവിടെ ഉണ്ടാക്കിയ സംവിധാനം ഉണ്ട്. സൂക്ഷ്മ പരിശോധനാ സംവിധാനം.അതിന് മുന്‍പിലേക്ക് വന്നാല്‍ മാത്രമേ ഇതില്‍ പ്രോസിക്യൂഷന്‍ അനുമതിയുള്ളൂ. അതിന് മുന്‍പില്‍ വന്നാല്‍ കഴിഞ്ഞ കാലത്ത് സ്വീകരിച്ചപോലുള്ള നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്”, പി. മോഹനനന്‍ പറഞ്ഞു.

തുടക്കം മുതല്‍ അലനും താഹയ്ക്കും അനുകൂലമായ നിലപാടായിരുന്നു കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. എന്നാല്‍ ഇരുവരും മാവോയിസ്റ്റുകളാണെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിടക്കം സ്വീകരിച്ചത്.

അലനും താഹയും സി.പി.ഐ.എമ്മിന്റേയും എസ്.എഫ്.ഐയുടെയും മറ ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തിയെന്നാണ് തങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയതെന്നും ഇരുവര്‍ക്കുമെതിരെ എന്‍.ഐ.എ കേസെടുത്തത് വെറുതെയല്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ജയരാജന്റെ പ്രസ്താവനക്കെതിരെ അലന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.

അലനും കുടുംബവും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും ആ രാഷ്ട്രീയ ജീവിതത്തിന് ജയരാജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അലന്റെ അമ്മ സബിത പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് ജയരാജന്‍ രംഗത്തെത്തുകയായിരുന്നു.

ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് അലന്റെ മുറിയില്‍ താമസിച്ചിരുന്നതായും ജമാഅത്ത് ഇസ്ലാമി സംഘടനയുമായി ചേര്‍ന്ന് സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം വേദി രൂപീകരിക്കാന്‍ ശ്രമിച്ചെന്നും ജയരാജന്‍ ആരോപിച്ചിരുന്നു. അലന്റെ അമ്മ വായിച്ചറിയുവാന്‍ എന്ന തലവാചകത്തോടെയായിരുന്നു ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.

കഴിഞ്ഞ തവണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കവേ തങ്ങളെ മാവോയിസ്റ്റുകളെന്ന് വിളിക്കാന്‍ എന്ത് തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലുള്ളതെന്ന് അലനും താഹയും ചോദിച്ചിരുന്നു. സി.പി.ഐ.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു.

DoolNews Video