നമ്പി നാരായണന്‍ കേസ്: നഷ്ടപരിഹാരത്തുക കോണ്‍ഗ്രസ് നല്‍കണമെന്ന് ഇ.പി ജയരാജന്‍
Kerala
നമ്പി നാരായണന്‍ കേസ്: നഷ്ടപരിഹാരത്തുക കോണ്‍ഗ്രസ് നല്‍കണമെന്ന് ഇ.പി ജയരാജന്‍
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 7:03 pm

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരയണന് സര്‍ക്കാര്‍ നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ കോണ്‍ഗ്രസ് നല്‍കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍.

കെ. കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഗൂഡാലോചനയാണ് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി ജയരാജന്‍ പറഞ്ഞു.


ALSO READ: “ഞങ്ങളന്ന് പിച്ചിക്കീറിയതുകൊണ്ടാണ് ഇപ്പോള്‍ നമ്പിനാരായണന് പണം കിട്ടുന്നത്”; ചാരക്കേസില്‍ മാധ്യമങ്ങളെ തുറന്നുകാട്ടി സോഷ്യല്‍ മീഡിയ


ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണത്തെ ഇ.പി ജയരാജന്‍ സ്വാഗതം ചെയ്തു. കേസിന്റെ എല്ലാ നിയമാവശങ്ങളും പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, നഷ്ടപരിഹാരത്തുകയില്‍ നിയമാനുസൃതം നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നാണ് ഐ.എസ്.ആര്‍.ഓ ചാര്‍ക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്,കെ.കെ ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.


ALSO READ: ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി


1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. സിമിതിക്ക് പകരം സിബിഐ അന്വേഷണമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.