'അഞ്ചുവയസുകാരിയുടെ കൊലപാതകം; എന്തിനും പൊലീസിനെ കുറ്റം പറയുന്നത് അവരുടെ മനോവീര്യം തകര്‍ക്കും'
Kerala News
'അഞ്ചുവയസുകാരിയുടെ കൊലപാതകം; എന്തിനും പൊലീസിനെ കുറ്റം പറയുന്നത് അവരുടെ മനോവീര്യം തകര്‍ക്കും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2023, 10:44 am

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എന്തിനും പൊലീസിനെ കുറ്റം പറയുക എന്നത് തെറ്റായ പ്രവണതയാണെന്നും അത് പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട്ടില്‍സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി.

‘എന്തിനും പൊലീസിനെ കുറ്റം പറയുക എന്നത് തെറ്റായ പ്രവണതയാണ്, അത് പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂ. ഏഴര മണിയാകുമ്പോഴാണ് പരാതി ആലുവ പൊലീസില്‍ വരുന്നത്. ഒന്‍പത് മണി ആയപ്പോഴേക്കും പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് കഴിഞ്ഞിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ വ്യത്യസ്തങ്ങളായിട്ടുള്ള മൊഴികള്‍ നല്‍കി, പൊലീസിനെ കബളിപ്പിക്കുന്ന, അന്വേഷണത്തെ തെറ്റായി തിരിച്ചുവിടുന്ന നിലപാടുകളാണ് ഉണ്ടായത്.

അങ്ങനെ സാധാരണ ഒരു അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ജാഗ്രതയോട് കൂടി പ്രവര്‍ത്തിച്ചു. പിന്നീടാണ് മൃതശരീരം കണ്ടെത്തിയ കാര്യം പുറത്ത് വരുന്നത്. എല്ലാ രംഗങ്ങളിലും പൊലീസ് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് വളരെ ദുഖകരമായ സംഭവമാണ്, ഇതിനെയാരും രാഷ്ട്രീയവത്കരിക്കരുത്,’ഇ.പി ജയരാജന്‍ പറഞ്ഞു.

അതേസമയം മകള്‍ കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിലും പൊലീസിലും വിശ്വാസമുണ്ടെന്നും പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

Content Highlight: EP jayarajan about aluva murder case