നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം; യു.എസിന്റെ പേര് മിണ്ടാതെ ജി-7 ഉച്ചകോടിയില്‍ മോദി
World
നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം; യു.എസിന്റെ പേര് മിണ്ടാതെ ജി-7 ഉച്ചകോടിയില്‍ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2026, 10:34 am

ഫ്രാന്‍സ്: ഒമാന്‍ തീരത്തുണ്ടായ യു.എസ് സൈനിക ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട് ഏഴ് ദിവസത്തിന് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമ മോദി.

ഫ്രാന്‍സിലെ എവിയന്‍-ലെ-ബെയ്ന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയുടെ പ്രത്യേക സെഷനെ അഭിസംബോധന ചെയ്യവെയാണ് അമേരിക്ക
യുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നിലപാട് പറഞ്ഞത്.

അന്താരാഷ്ട്ര സമുദ്രപാതകള്‍ സുരക്ഷിതമായി തുടരുന്നുണ്ടെന്നും നാവികര്‍ക്ക് ഭയമില്ലാതെ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്നായിരുന്നു മോദി പറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ പങ്കെടുത്ത ജി-7 ഉച്ചകോടിയുടെ ‘പുതിയ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുകയും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക’ എന്ന സെഷനിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

യു.എസ് പ്രസിഡന്റുമായുള്ള സുപ്രധാന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വിഷയത്തില്‍ യു.എസിനെ കുറ്റപ്പെടുത്താതെയുള്ള മോദിയുടെ പരാമര്‍ശം.

ഹോര്‍മുസ് കടലിടുക്കിലെ സമുദ്രവ്യാപാരത്തിലുണ്ടായ തടസങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ ഉണ്ടായ പുരോഗതിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, ഈ സംഘര്‍ഷങ്ങള്‍ മേഖലയിലെ സൗഹൃദ രാജ്യങ്ങളില്‍ വലിയ തോതിലുള്ള ജീവഹാനിക്കും സ്വത്ത് നഷ്ടത്തിനും കാരണമായതായി അദ്ദേഹം പറഞ്ഞു.

‘ആഗോള സമുദ്ര വ്യാപാരത്തിലൂടെ എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമുദ്ര പാതകള്‍ സുരക്ഷിതമായി തുടരുന്നുവെന്നും നാവികര്‍ക്ക് ഭയമില്ലാതെ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്നും നാം ഉറപ്പാക്കണം. സംഭാഷണം, നയതന്ത്രം, അന്താരാഷ്ട്ര സഹകരണം എന്നിവയിലൂടെ മാത്രമേ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയൂ എന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞയാഴ്ച ഒമാന്‍ തീരത്ത് ഒരു വ്യാപാര കപ്പലില്‍ യു.എസ് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം ലംഘിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ജൂണ്‍ 8-ന് മാരിവെക്‌സ്, ജൂണ്‍ 9-ന് സെറ്റെബെല്ലോ, ജൂണ്‍ 11-ന് ജല്‍വീര്‍ എന്നീ മൂന്ന് കപ്പലുകള്‍ക്ക് നേരെയായിരുന്നു യു.എസിന്റെ ആക്രമണം.

നാവികരുടെ മരണത്തില്‍ മോദി പുലര്‍ത്തുന്ന മൗനത്തിലും യു.എസിനെതിരെ ശക്തമായ നിലപാടെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

തന്റെ പ്രസംഗത്തില്‍ ഭൗമരാഷ്ട്രീയ പ്രക്ഷോഭങ്ങളെയും ലോകസംഭവവികാസങ്ങളെയും കുറിച്ച് പരാമര്‍ശിച്ച മോദി, രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകേണ്ട ‘വിശ്വാസ’ത്തിന്റെ ആവശ്യകതയെ കുറിച്ചാണ് സംസാരിച്ചത്.

ഇന്നത്തെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ ആസ്തി ധാതുക്കളോ സാങ്കേതികവിദ്യയോ വിപണികളോ അല്ല, മറിച്ച് പരസ്പര വിശ്വാസമാണെന്നാണ് മോദി പറഞ്ഞത്.

വ്യാപാരവും സാങ്കേതികവിദ്യയും ചില രാജ്യങ്ങള്‍ അവരുടെ ഇടുങ്ങിയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് അന്താരാഷ്ട്ര രംഗത്ത് വിശ്വാസ്യത കുറയുന്നതിലേക്ക് നയിക്കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യയും വിതരണ ശൃംഖലകളും ആയുധങ്ങളായി ഉപയോഗിക്കുന്നതിന് പകരം ആഗോള നന്മയ്ക്കായി ഉപയോഗിക്കണം. വികസന അവസരങ്ങള്‍ ഏതാനും രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ആഗോള സ്ഥാപനങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളുടെയും അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നുമുള്ള വിശ്വാസം ലോകത്തുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഊര്‍ജം, ഭക്ഷണം, ആരോഗ്യം, സൈബര്‍, സാമ്പത്തിക സുരക്ഷ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു പരസ്പരാശ്രിത ലോകത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മാനവികതയുടെ പുരോഗതിക്കും സമൃദ്ധിക്കും അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളിത്തങ്ങളുടെ കാതല്‍ വിശ്വാസമായിരിക്കുമ്പോള്‍ മാത്രമേ അവ വിജയിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വികസിതമായ ഏഴ് സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയാണ് ജി 7. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയാണ് ഇതിലെ അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയനും ഈ കൂട്ടായ്മയില്‍ പങ്കാളിയാണ്. ആഗോളതലത്തില്‍ നേരിടുന്ന പ്രധാന സാമ്പത്തിക, സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ക്കുള്ള പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന വേദിയാണിത്.

ഇന്ത്യ ജി-7 ല്‍ ഔദ്യോഗിക അംഗമല്ലെങ്കിലും, ഇത്തവണ അതിഥി രാജ്യമായി ഇന്ത്യയെ ഫ്രാന്‍സ് ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സ്ലൊവാക്യയിലേക്കുള്ള രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കാനായി എവിയന്‍-ലെ-ബെയ്ന്‍സില്‍ എത്തിയത്.

Content Highlight: Ensuring the Safety of Seafarers is Our Responsibility; Modi at G-7 Summit Without Mentioning the Name of the U.S.