തിരുവനന്തപുരം: കേരളത്തിലെ അങ്കണവാടി അധ്യാപകരുടെയും സഹായികളുടെയും വിവിധ പ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന്‍.
സംസ്ഥാനത്തെ 60,000ല്‍ പരം വരുന്ന അങ്കണവാടി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ വിമന്‍സ് എംപവറിങ് ഫോറത്തിന്റെ (ഡബ്ല്യൂ.ഇ.എഫ്) ഭരണസമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
അങ്കണവാടി പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഈ വിഷയങ്ങള്‍ വിശദമായി പഠിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തിയ ഉടനെത്തന്നെ അങ്കണവാടി പ്രവര്‍ത്തകരുടെയും ഹെല്‍പര്‍മാരുടെയും ഓണറേറിയത്തില്‍ 1,000 രൂപയുടെ വര്‍ധനവ് അനുവദിച്ചത് ഇതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണറേറിയം മൂന്ന് ഗഡുക്കളായി ലഭിക്കുന്നതുമൂലം ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്മേല്‍ ഓണറേറിയം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
അങ്കണവാടി പ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷ, സാമ്പത്തിക സംരക്ഷണം, സാമൂഹ്യ സുരക്ഷ, ക്ഷേമം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ സര്‍ക്കാര്‍ നയവും നടപടികളും സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലൂടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
അങ്കണവാടി പ്രവര്‍ത്തകരുടെയും ഹെല്‍പ്പര്‍മാരുടെയും സേവന-വേതന ചട്ടങ്ങള്‍ ആവിഷ്‌കരിക്കുക, പെന്‍ഷന്‍, പി.എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക, ഓണറേറിയം സമയബന്ധിതമായും ഒറ്റത്തവണയായും വിതരണം ചെയ്യുക, സീനിയോറിറ്റി ഇന്‍ക്രിമെന്റും യാത്രാബത്തയും പുനസ്ഥാപിക്കുക, ക്ഷേമനിധി കുടിശ്ശികകളിലെ 12% പലിശ പുനപരിശോധിക്കുകയും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്.
പോഷണ്‍ ട്രാക്കര്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും നല്‍കുക.
നേരത്തെ, വനിതാ-ശിശു വികസന ഡയറക്ടറെയും അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും നേരില്‍ കണ്ട് പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ, സാമൂഹ്യ സുരക്ഷയും വിരമിക്കല്‍ സംരക്ഷണവും ഉറപ്പാക്കുന്നതിനും അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ഏകീകൃത ദേശീയ സേവന-ക്ഷേമ നയരൂപീകരണം നടത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്റെ വനിതാ-ശിശു വികസന മന്ത്രാലയത്തിനും പ്രത്യേക നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച നിവേദക സംഘത്തില്‍ ഡബ്ല്യു.ഇ.എഫ് പ്രസിഡന്റ് സാവിത്രി സി.കെ, സെക്രട്ടറി ജുബൈദത്ത് ബീവി, ട്രഷറര്‍ മുംതാസ് ബീഗം, വൈസ് പ്രസിഡന്റ് ഷെറീന എം., ജോയിന്റ് സെക്രട്ടറി ശ്രീദേവി ടി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുബദ, ആമിന ബീവി, സബീറ, പ്രിയ എന്നിവര്‍ പങ്കെടുത്തു.
Content highlight: Ensure pension and PF of Anganwadi workers, WEF meets Chief Minister