രാസവള പ്ലാന്റിലെ വിഷപ്പൊടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു, നടപടി വേണം: തമിഴ്‌നാട്ടിലെ എണ്ണൂർ നിവാസികൾ
national news
രാസവള പ്ലാന്റിലെ വിഷപ്പൊടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു, നടപടി വേണം: തമിഴ്‌നാട്ടിലെ എണ്ണൂർ നിവാസികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th June 2025, 1:38 pm

ചെന്നൈ: രാസവള പ്ലാന്റിൽനിന്നുള്ള വിഷപ്പൊടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ എണ്ണൂർ നിവാസികൾ. എണ്ണൂരിലെ സത്യവാണി മുത്തു നഗറിലെ രാസവള പ്ലാന്റിൽനിന്നും പുറത്തുവരുന്ന പൊടിയിൽ ഫ്ലൂറൈഡ്, ലെഡ്, യുറേനിയം, കാഡ്മിയം തുടങ്ങിയ വിഷവസ്തുക്കളുടെ ഉയർന്ന അളവ് ഉള്ളതായി കണ്ടെത്തിയിരുന്നു.

നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) സാക്ഷ്യപ്പെടുത്തിയ ലാബിൽ നിന്ന് ലഭിച്ച റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ട്, കർശന നടപടി സ്വീകരിക്കണമെന്ന് താമസക്കാർ ആവശ്യപ്പെടുകയാണ്.

വായുവിലെ രാസ പൊടിയുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും തങ്ങൾക്ക് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു.

സമീപത്ത് സ്ഥിതി ചെയ്യുന്നതും ഇപ്പോൾ കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ് (സി.ഐ.എൽ) പാട്ടത്തിന് ഏറ്റെടുത്തതുമായ കോത്താരി ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നാൽ വിഷപ്പൊടി പറക്കുന്നതെന്ന് പ്രദേശവാസികൾ വിമർശിച്ചു.

എൻ.എ.ബി.എൽ റിപ്പോർട്ടിൽ വിഷപ്പൊടിയിൽ 1.71 ലക്ഷം മില്ലിഗ്രാം/കിലോഗ്രാം കാൽസ്യം, 15,312 മില്ലിഗ്രാം/കിലോഗ്രാം ഫ്ലൂറൈഡ്, 111 മില്ലിഗ്രാം/കിലോഗ്രാം ലെഡ്, 9.64 മില്ലിഗ്രാം/കിലോഗ്രാം കാഡ്മിയം, 20.9 മില്ലിഗ്രാം/കിലോഗ്രാം യുറേനിയം എന്നിവ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയെല്ലാം അനുവദനീയമായ അളവിനേക്കാൾ വളരെ കൂടുതലാണെന്നും താമസക്കാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും അവർ പറഞ്ഞു.

മെയ് 27, 28 തീയതികളിൽ ഗ്രാമവാസികളുടെ വീടുകളുടെ മുകളിൽ നേർത്ത ചാരനിറത്തിലുള്ള പൊടി അടിഞ്ഞുകൂടാൻ തുടങ്ങിയതോടെയാണ് വിഷയം ശ്രദ്ധ നേടിയത്. ഈ പൊടി ആളുകളുടെ കണ്ണിന് അസ്വസ്ഥത, തൊണ്ടവേദന, ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായി.

പിന്നാലെ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എങ്കിലും ജൂൺ നാലിനും ജൂൺ എട്ടിനും ഇടയിൽ മൊബൈൽ യൂണിറ്റ് നടത്തിയ വായു സർവേയിൽ എല്ലാ വായു ഗുണനിലവാര പാരാമീറ്ററുകളും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയതായി അവർ വാദിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് പ്രദേശം സന്ദർശിച്ചപ്പോൾ, പൊടി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. ഈ പൊടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഒപ്പം സർക്കാർ ആരോഗ്യ ക്യാമ്പുകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

തന്റെ രണ്ട് വയസുള്ള മകന്റെ ശരീരത്തിൽ തിണർപ്പ് പ്രത്യക്ഷപ്പെട്ടുവെന്ന് വിജയശാന്തി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ‘ദിവസങ്ങളായി എനിക്ക് കഠിനമായ ചുമയാണ്. എന്റെ രണ്ട് വയസുള്ള മകന്റെ ശരീരത്തിൽ തിണർപ്പ് പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ ദിവസവും വിഷവായു ശ്വസിക്കുകയാണ്. ഈ പൊടി ദിവസവും അടിഞ്ഞുകൂടുന്നു,’ അവർ പറഞ്ഞു.

 

Content Highlight: Ennore chemical dust has high level of toxic substances: Report