ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിക്കുന്നു; ഇനി പോരാട്ടങ്ങൾ വേറെ ലെവൽ| D sports
സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നിശ്ചിത കാലത്തേക്ക് നിർത്തി വെച്ചിരുന്ന ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റുകൾ വീണ്ടും ആരംഭിക്കുകയാണ്.
ബിഗ് ഫൈവ് ക്ലബ്ബ് ലീഗുകളായ ഇ.പി.എൽ, ലാലിഗ, സീരിഎ, ലീഗ് വൺ, ബുന്ദസ് ലിഗ എന്നിവയിൽ ഇന്ന് ആരംഭിക്കുന്ന ഇ.പി. എൽ മത്സരങ്ങളോടെയാണ് യൂറോപ്പിൽ ക്ലബ്ബ് ഫുട്ബോളിന് വീണ്ടും അരങ്ങൊരുങ്ങുന്നത്.

യൂറോപ്യൻ ലീഗുകളിൽ കളിയുടെ വേഗത കൊണ്ടും കളി ശൈലി കൊണ്ടും ഏറ്റവും എന്റർടൈനിങ് ആയ ലീഗ് എന്ന വിശേഷണമുള്ള പ്രീമിയർ ലീഗിന് തുടക്കമാകുമ്പോൾ ആറ് മത്സരങ്ങളാണ് ഇന്ന് ഉണ്ടാകുക. ഇന്ത്യൻ സമയം വൈകിട്ട് ആറിന് ടോട്ടൻഹാം-ബ്രന്റ്ഫോർഡ് മത്സരത്തോടെയാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നത്.

അതിന് ശേഷം ഇന്ത്യൻ സമയം 8:30ന് സതാംപ്ടൻ-ബ്രൈട്ടൻ, ലെസ്റ്റർ സിറ്റി-ന്യൂ കാസിൽ യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്-ഫുൾഹാം, എവെർട്ടൻ-വൂൾവ്സ് എന്നീ നാല് മത്സരങ്ങളാണ് ഉണ്ടാവുക രാത്രി 11:00 മണിക്ക് നടക്കുന്ന ലിവർപൂൾ-വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരത്തോടെ ഇന്നത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാനിക്കും.

പ്രീമിയർ ലീഗിൽ നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമത് ലണ്ടൻ ക്ലബ്ബായ ആഴ്സണലാണ്. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിന് തൊട്ട് പിന്നാലെയുണ്ട്.

14 മത്സരങ്ങളിൽ നിന്നും ആഴ്സണൽ 37 പോയിന്റുകൾ സ്വന്തമാക്കിയപ്പോൾ അത്ര തന്നെ മത്സരങ്ങളിൽ നിന്നും 32 പോയിന്റുകളാണ് സിറ്റിയുടെ സമ്പാദ്യം. പ്രീമിയർ ലീഗിലെ ഈ സീസണിലെ അട്ടിമറി വീരന്മാരായ ന്യൂകാസിൽ യുണൈറ്റഡ് 15 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളപ്പോൾ 15 മത്സരങ്ങളിൽ നിന്നും 29 പോയിന്റോടെ ടോട്ടൻ ഹാം നാലാമതും 14 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകളോടെ മാഞ്ചാസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ്.

പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനത്ത് വരുന്ന ടീമുകൾക്ക് അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത കരസ്ഥമാക്കാം.

സ്റ്റാർ സ്പോർട്സ് സെലക്ട്‌ വൺ, സ്റ്റാർ സ്പോർട്സ് സെലക്ട്‌ ടു, സ്റ്റാർ സ്പോർട്സ് 3 എന്നീ ചാനലുകളിൽ ആണ് ഇന്ത്യയിൽ മത്സരം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ നിന്നും ഓൺലൈനായി മത്സരം ആസ്വദിക്കാം.

 

Content Highlights: English Premier League starts today