ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിന് ഇസ്രഈല്‍ അധിനിവേശവുമായും ഫലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റങ്ങളുമായും വിപുലമായ ബന്ധമുണ്ടെന്ന ആരോപണവുമായി സ്വതന്ത്ര ബ്രിട്ടീഷ് എം.പി ഇഖ്ബാല്‍ മുഹമ്മദ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഫുട്‌ബോള്‍ അസോസിയേഷനും ഉള്‍പ്പെടെയുള്ള പ്രമുഖ കായിക സ്ഥാപനങ്ങള്‍ ഇസ്രഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ മറച്ചുവെക്കാന്‍ ‘സ്‌പോര്‍ട്‌സ്‌വാഷിങ്’ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ അടിയന്തര സര്‍ക്കാര്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കള്‍ച്ചര്‍ സെക്രട്ടറി ലിസ നാന്‍ഡിക്ക് ഔദ്യോഗികമായി അദ്ദേഹം കത്തയച്ചു.
ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രഈലിന്റെ അധിനിവേശം, വര്‍ണവിവേചനം, വംശഹത്യ എന്നിവയില്‍ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളും ഇംഗ്ലീഷ് ഫുട്‌ബോളും തമ്മിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് ബന്ധങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ഇഖ്ബാല്‍ മുഹമ്മദ് ആവശ്യപ്പെട്ടു.
‘നമ്മുടെ രാജ്യത്തെ മഹത്തായ ഫുട്‌ബോള്‍ സ്ഥാപനങ്ങള്‍ ഇസ്രഈലിന്റെ ക്രൂരതകളെ സ്‌പോര്‍ട്‌സ്‌വാഷിങ്ങിലൂടെ വെള്ളപൂശുന്നതില്‍ ഞാന്‍ അതീവ ഉത്കണ്ഠാകുലനാണ്,’ എന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
ഇഖ്ബാല്‍ മുഹമ്മദ്. Photo: Wikimedia Commons
അന്താരാഷ്ട്ര ക്രൂരതകളില്‍ പങ്കാളികളാകുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനോ തങ്ങളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനോ ഉള്ള ഒരു വേദിയായി ബ്രിട്ടീഷ് കായികരംഗം മാറരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വാര്‍ ഓണ്‍ വാണ്ട്’ (War on Want) എന്ന പ്രചാരണ സംഘടന പുറത്തിറക്കിയ ‘റെഡ് കാര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്‌പോര്‍ട്‌സ്‌വാഷിങ് ഓഫ് ഇസ്രഈല്‍സ് അട്രോസിറ്റീസ് എഗെയ്ന്‍സ്റ്റ് ഫലസ്തീനിയന്‍സ്’ (Red Card: English Premier League Sportswashing of Israel’s Atrocities Against Palestine) എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് എം.പി കത്തയച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയും മറ്റ് ആധികാരിക സ്രോതസുകളും ഇസ്രഈലിന്റെ നിയമവിരുദ്ധമായ അധിനിവേശ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയ 16 പ്രമുഖ കമ്പനികള്‍ പ്രീമിയര്‍ ലീഗ്, ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ), കൂടാതെ വിവിധ ഇംഗ്ലീഷ് ക്ലബ്ബുകള്‍ എന്നിവയെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രധാനപ്പെട്ട പത്ത് ക്ലബ്ബുകളെ ഈ കമ്പനികള്‍ നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്ന് ഇഖ്ബാല്‍ മുഹമ്മദ് പറഞ്ഞു. ആഴ്‌സണല്‍, ആസ്റ്റണ്‍ വില്ല, ചെല്‍സി, ക്രിസ്റ്റല്‍ പാലസ്, എവര്‍ട്ടണ്‍, ഫുള്‍ഹാം, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്സ്പര്‍ എന്നിവയാണ് ആ ക്ലബ്ബുകള്‍.
ഇതില്‍ ലിവര്‍പൂള്‍, ആഴ്‌സണല്‍, ടോട്ടനം, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്കാണ് ഇസ്രഈല്‍ ക്രൂരതകള്‍ക്ക് സഹായം നല്‍കുന്ന കമ്പനികളുമായി ഏറ്റവും കൂടുതല്‍ ബന്ധമുള്ളത്. കൂടാതെ, ആഴ്‌സണല്‍, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവയുടെ ഉടമസ്ഥരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളും ഇസ്രഈലിന്റെ ഫലസ്തീന്‍ വിരുദ്ധ വംശഹത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രീമിയര്‍ ലീഗിന്റെ പ്രധാന ഔദ്യോഗിക സ്‌പോണ്‍സറായ ബാര്‍ക്ലേയ്സ് ബാങ്ക് വഴി ലീഗിലെ എല്ലാ ക്ലബ്ബുകളും പരോക്ഷമായി ഈ അധിനിവേശ സാമ്പത്തിക ശൃംഖലയുടെ ഭാഗമാകുന്നുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.
ആഗോള ബ്രാന്‍ഡായ കോക്ക കോളയുടെ ഇസ്രഈലിലെ സബ്സിഡറികള്‍ക്കും ലൈസന്‍സികള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അധിനിവേശം നടത്തിയ കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗോലാന്‍ കുന്നുകള്‍ എന്നിവിടങ്ങളില്‍ ഉത്പാദന ഫാക്ടറികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീന്‍ അനുകൂല നിലപാടുള്ള ക്ലബ്ബ് ജീവനക്കാര്‍ക്കും ആരാധകര്‍ക്കും എതിരെ ആഴ്‌സണല്‍, ബ്രൈറ്റണ്‍, ബേണ്‍ലി, എവര്‍ട്ടണ്‍ എന്നീ ക്ലബ്ബുകള്‍ വിവേചനം കാണിക്കുന്നതായും ഇത് കടുത്ത മനുഷ്യാവകാശ-അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതിന് തെളിവായി ആഴ്‌സണല്‍ ക്ലബ്ബില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ച മാര്‍ക്ക് ബോണിക് എന്ന ജീവനക്കാരനെ ഇസ്രഈല്‍ വിരുദ്ധ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയ സംഭവം അദ്ദേഹം കത്തില്‍ എടുത്തുപറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങളിലും വംശഹത്യയിലും പങ്കാളികളായ കമ്പനികളുടെ വെറും ലാഭകേന്ദ്രമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാറാന്‍ പാടില്ലെന്നും, അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം സ്‌പോണ്‍സര്‍ഷിപ്പ് ബന്ധങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇഖ്ബാല്‍ മുഹമ്മദ് എം.പി ആവശ്യപ്പെട്ടു.
Content Highlight: English football sportswashing Israel; British MP demands government action