അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം
Sports News
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th September 2025, 7:15 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം ക്രിസ് വോക്‌സ്. തന്റെ സേഷ്യല്‍ മീഡിയയിലൂടെയാണ് വോക്‌സ് വിരമിക്കല്‍ അറിയിച്ചത്.

‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയം ഇതാണ്. കുട്ടിക്കാലം മുതല്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്.

കഴിഞ്ഞ 15 വര്‍ഷമായി ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നതും, ത്രീ ലയണ്‍സ് ജേഴ്‌സി ധരിക്കുന്നതും, സഹതാരങ്ങള്‍ക്കൊപ്പം കളിക്കളം പങ്കിടുന്നതും, അവരില്‍ പലരും ആജീവനാന്ത സുഹൃത്തുക്കളായി മാറിയതും എനിക്ക് ഏറെ അഭിമാനമുള്ള കാര്യങ്ങളാണ്,’ വോക്‌സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെയായികുന്നു താരം അവസാനമായി കളിച്ചത്. മത്സരത്തില്‍ തോളിന് പരിക്കേറ്റിട്ടും വോക്‌സ് കളത്തിലിറങ്ങിയിരുന്നു. മാത്രമല്ല പരിക്കില്‍ നിന്ന് മുക്തനാകാന്‍ സാധിക്കാതെ വന്നതോടെ വോക്‌സിനെ വരാനിരിക്കുന്ന ആഷസില്‍ നിന്ന് ഇംഗ്ലണ്ട് ഒഴിവാക്കിയിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിങ്ങിലും ബൊളിങ്ങിലും ഒരുപോലെ കഴിവ് തെളിയിക്കാന്‍ സാധിച്ച താരമാണ് വോക്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ 62 മത്സരങ്ങളില്‍ നിന്ന് 2034 റണ്‍സും 137* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി. മാത്രമല്ല റെഡ്‌ബോളില്‍ 192 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

അഞ്ച് ഫൈഫറും അഞ്ച് ഫോര്‍ഫറും നേടാന്‍ വോക്‌സിന് സാധിച്ചു. ഏകദിനത്തില്‍ 122 മത്സരങ്ങളില്‍ നിന്ന് 1524 റണ്‍സും 173 വിക്കറ്റുകളും താരം നേടി. 11 ഫോര്‍ഫറും മൂന്ന് ഫൈഫറും ഏകദിനത്തില്‍ താരത്തിനുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 33 മത്സരങ്ങള്‍ കളിച്ച വോക്‌സിന് 147 റണ്‍സും 31 വിക്കറ്റുകളും വോക്‌സ് നേടി.

Content Highlight: England superstar Chris Woakes announces retirement from international cricket