ത്രീ ലയണ്‍സിനെ മറികടന്ന് കങ്കാരുക്കളുടെ തേരോട്ടം; ബോക്‌സിങ് ഡേ ടെസ്റ്റിലും പ്രതീക്ഷ മങ്ങുന്നു...
Cricket
ത്രീ ലയണ്‍സിനെ മറികടന്ന് കങ്കാരുക്കളുടെ തേരോട്ടം; ബോക്‌സിങ് ഡേ ടെസ്റ്റിലും പ്രതീക്ഷ മങ്ങുന്നു...
ശ്രീരാഗ് പാറക്കല്‍
Friday, 26th December 2025, 11:57 am

ആഷസ് ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് 152 റണ്‍സിന് ഓസ്‌ട്രേലിയ പുറത്താകുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ചെറിയ സ്‌കോറില്‍ ഓസീസിനെ ഒതുക്കാന്‍ സാധിച്ചെങ്കിലും പ്രതീക്ഷകളെല്ലാം തെറ്റുന്ന രീതിയിലായിരുന്നു ത്രീ ലയണ്‍സിന്റെ ബാറ്റിങ് പ്രകടനം.

തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വലിയ തിരിച്ചടി നല്‍കിയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. നിലവില്‍ 19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് ത്രീ ലയണ്‍സിന് നേടാന്‍ സാധിച്ചത്.

തുടക്കത്തില്‍ തന്നെ ഓസീസ് തങ്ങളുടെ ബൗളിങ് കരുത്ത് കാണിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനേയും (2 റണ്‍സ്), സാക്ക് ക്രോളിയേയും (5 റണ്‍സ്) മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞയച്ച് മിന്നും പ്രകടനം നടത്തി. ശേഷം ജേക്കബ് ബഥെല്‍ (1), ജോ റൂട്ട് (0) എന്നിവരെ പുറത്താക്കി മൈക്കല്‍ നെസര്‍ നിര്‍ണായക പ്രകടനം നടത്തി.

ടീമിന് വേണ്ടി കുറച്ചെങ്കിലും പിടിച്ച് നിന്നത് 41 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ്. നിലവില്‍ ബെന്‍ സ്റ്റോക്‌സും (15*), വില്‍ ജാക്‌സുമാണ് ക്രീസിലുള്ളത് (1*).

അതേസമയം ഓസീസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 35 റണ്‍സ് നേടിയ മൈക്കള്‍ നെസെറാണ്. 29 റണ്‍സ് നേടി ഉസ്മാന്‍ ഖവാജയും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി. മറ്റാര്‍ക്കും കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് അഞ്ച് വിക്കറ്റ് നേടിയ ജോഷ് ടങ്ങാണ്. ഗസ് ആറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റും ബെന്‍ സ്റ്റോക്‌സ്, ബ്രൈഡന്‍ കാഴ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജേക്ക് വെതറാള്‍ഡ്, മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, അലകസ് കാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, മൈക്കല്‍ നെസര്‍, ജേ റിച്ചാര്‍ഡ്സണ്‍.

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, ഗസ് അറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഷ് ടോങ്

Content Highlight: England’s batting collapse in first innings of Boxing Day Test

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ