ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ ഇന്ത്യയെ 22 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. അവസാന നിമിഷം വരെ പൊരുതി നിന്ന സന്ദര്‍ശകരെ നായകന്‍ ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ബൗളിങ് യൂണിറ്റിന്റെ കൂട്ടായ പരിശ്രമത്തിനൊടുവില്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇപ്പോള്‍ ഈ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇംഗ്ലണ്ടിന് ശിക്ഷ വിധിച്ചിരിക്കുകയാണ് ഐ.സി.സി. രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യൂ.ടി.സി) പോയിന്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇതോടെ അവരുടെ ഡബ്ല്യൂ.ടി.സി പോയിന്റ് 22 ആയും പോയിന്റ് ശതമാനം 61.11 ആയും കുറഞ്ഞു.
കൂടാതെ, സ്റ്റോക്സിന്റെ സംഘം പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
JUST IN: England have been docked two points from their World Test Championship tally and fined 10% of their match fee for their slow over rate in the Lord’s Test against India #ENGvINDpic.twitter.com/FZLAIrAmLk
ഇന്ത്യയ്ക്കെതിരായ മൂന്നാം മത്സരം നിശ്ചിത സമയത്തിനുള്ളില്‍ അവസാനിപ്പിക്കാത്തതിനാല്‍ മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയും വിധിച്ചിട്ടുണ്ട്. ഡബ്ല്യൂ.ടി.സി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16.11.12 പ്രകാരമാണ് ഇംഗ്ലണ്ടിനെതിരെയുള്ള നടപടി. ഇതുപ്രകാരം നിശ്ചിത സമയത്തിന് ശേഷം എറിയുന്ന ഓരോ ഓവറിനും ഓരോ പോയിന്റുകളാണ് ടീമുകള്‍ നഷ്ടമാവുക.
അതേസമയം, പരമ്പരയില്‍ 2 – 1ന് മുന്നിട്ട് നില്‍ക്കുന്ന ഇംഗ്ലണ്ട് അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
എന്നാല്‍ മത്സരത്തില്‍ മുമ്പ് ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടിയും നേരിട്ടിരുന്നു. മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയിരുന്ന സൂപ്പര്‍ സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ പരിക്കേറ്റ് ശേഷിക്കുന്ന മത്സരത്തില്‍ നിന്ന് പുറത്തായിരുന്നു. മൂന്നാം ടെസ്റ്റില്‍ കൈ വിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം ടീമിന് പുറത്തായത്.
Content Highlight: England got fined and deducted two WTC points for slow over rate in Lord’s test against India