60 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള 'ആദ്യ' ജയം; ചരിത്രം ആവർത്തിച്ച് ഇംഗ്ലണ്ട്
Football
60 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള 'ആദ്യ' ജയം; ചരിത്രം ആവർത്തിച്ച് ഇംഗ്ലണ്ട്
സുദേവ് എ
Thursday, 2nd July 2026, 2:51 pm

2026 ഫിഫ ലോകകപ്പില്‍ ഡി.ആര്‍. കോംഗോയെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് ഇംഗ്ലണ്ട്. അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണ്‍സിന്റെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്നു ടീമിന്റെ ഉഗ്രന്‍ തിരിച്ചുവരവ്.

ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷം ഇംഗ്ലണ്ട് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷം ഇംഗ്ലണ്ട് തിരിച്ചടിച്ച വിജയിച്ചത് 1966 ലോകകപ്പ് ഫൈനലില്‍ ആയിരുന്നു.

കലാശപ്പോരാട്ടത്തില്‍ ജര്‍മനിയെ 4-2നായിരുന്നു ഇംഗ്ലണ്ട് കീഴടക്കിയത്. ചരിത്രത്തിലെ ഇംഗ്ലണ്ടിന്റെ ആദ്യ കിരീട നേട്ടവും ഇത് തന്നെയാണ്. ഇപ്പോള്‍ നീണ്ട 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് പട വീണ്ടും ലോകത്തിന്റെ വിശ്വവേദിയില്‍ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

നായകന്‍ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 75, 86 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ ഡി.ആര്‍. കോംഗോ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ബ്രയാന്‍ സിപെംഗയാണ് തുടക്കത്തില്‍ തന്നെ ടീമിന് ലീഡ് നല്‍കിയത്. ഈ ഒറ്റ ഗോളിന്റെ പിന്‍ബലത്തില്‍ അവസാന നിമിഷം വരെ ഇംഗ്ലണ്ടിനെ വിറപ്പിച്ചു നിര്‍ത്താന്‍ ആഫ്രിക്കന്‍ ടീമിന് സാധിച്ചു.

എന്നാല്‍ അവസാന 15 മിനിട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗംഭീര തിരിച്ചുവരവ്. ആന്റണി ഗോര്‍ഡന്‍ രണ്ട് അസിസ്റ്റ് നേടി തിളങ്ങിയപ്പോള്‍ ഹാരി കെയ്ന്‍ കൃത്യമായി ലക്ഷ്യം കണ്ട് ടീമിനെ വിജയത്തിലെത്തിച്ചു.

ജൂലൈ ആറിന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെയാണ് ഹാരി കെയ്നും സംഘവും നേരിടുക. കഴിഞ്ഞ ദിവസം നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മെക്‌സിക്കോ അടുത്ത റൗണ്ടില്‍ കടന്നത്. നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മെക്‌സിക്കോ ലോകകപ്പില്‍ നോക്ക് ഔട്ട് മത്സരം വിജയിക്കുന്നത്.

 

 

Content Highlight: England football team set a historical win in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.