ത്രിരാഷ്ട്ര പരമ്പര: ബ്രിസ്‌ബെയ്‌നിലും ഇന്ത്യക്ക് തോല്‍വി
Daily News
ത്രിരാഷ്ട്ര പരമ്പര: ബ്രിസ്‌ബെയ്‌നിലും ഇന്ത്യക്ക് തോല്‍വി
ന്യൂസ് ഡെസ്‌ക്
Tuesday, 20th January 2015, 3:29 pm

eng
ബ്രിസ്‌ബെയ്ന്‍: ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ കനത്ത പരാജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ബാറ്റിംഗ് തകര്‍ച്ചയാണ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ബാറ്റിംഗ് 39.3 ഓവറില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത സ്റ്റീഫന്‍ ഫിന്നും നാല് വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്‌സണുമാണ് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെ കടപുഴക്കിയെറിഞ്ഞിരുന്നത്.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയിരുന്ന രോഹിത് ശര്‍മയെ പവലിയനില്‍ ഇരുത്തിയായിരുന്നു ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങിയിരുന്നത്. പരിക്ക് കാരണം  പുറത്തിരുന്ന രോഹിതിന് പകരം അജിങ്ക്യ രഹാനെയായിരുന്നു ഓപണ്‍ ചെയ്തത്.

ബാറ്റിംഗില്‍ ഇന്ത്യക്കായി അജിങ്ക്യ രഹാനെ (33), മഹേന്ദ്ര സിംഗ് ധോണി (34), സ്റ്റ്യൂവര്‍ട്ട് ബിന്നി (44 ) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ച് നിന്നിരുന്നത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇയാന്‍ ബെല്‍(88), ജെയിംസ് ടെയ്‌ലര്‍(56) എന്നിവരുടെ മികവിലാണ് വിജയതീരമണിഞ്ഞത്. ഇരുവരുടെയും കൂട്ട് കെട്ടില്‍ ഇംഗ്ലണ്ടിനായി പിറന്നത് 151 റണ്‍സാണ്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ ഇരു ടീമുകളും ഓസീസിനോട് പരാജയപ്പെട്ടിരുന്നു.