ആര്‍.സി.ബി താരം നിറഞ്ഞാടി; പ്രോട്ടിയാസിനെ തകര്‍ത്ത് ഇംഗ്ലണ്ട്
Sports News
ആര്‍.സി.ബി താരം നിറഞ്ഞാടി; പ്രോട്ടിയാസിനെ തകര്‍ത്ത് ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th September 2025, 7:21 am

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടി – 20 മത്സരത്തില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 146 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ആതിഥേയര്‍ നേടിയത്. ഐ.പി.എല്ലില്‍ ആര്‍.സി.ബി താരമായിരുന്ന ഫില്‍ സാള്‍ട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ടീം ജയിച്ച് കയറിയത്. വിജയത്തോടെ പരമ്പര സമനിലയിലാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് പടുത്തുയര്‍ത്തി. ടീമിനായി മിന്നും പ്രകടനം പുറത്തെടുത്തത് ഫില്‍ സാള്‍ട്ടും ജോസ് ബട്‌ലറുമാണ്. ഓപ്പണറായി എത്തിയ സാള്‍ട്ട് 60 പന്തില്‍ പുറത്താകാതെ 141 റണ്‍സാണ് നേടിയത്. എട്ട് സിക്സും 15 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 235 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ബട്‌ലര്‍ 30 പന്തുകള്‍ നേരിട്ട് 83 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 276.67 പ്രഹര ശേഷിയില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് ഏഴ് സിക്സും എട്ട് ഫോറുമാണ്. ബട്‌ലര്‍ മടങ്ങിയതിന് പിന്നാലെ എത്തിയ യുവതാരം ജേക്കബ് ബേഥലിന് വലിയ സ്‌കോര്‍ സംഭാവന ചെയ്യാനായില്ല. താരം 14 പന്തില്‍ രണ്ട് വീതം സിക്സും ഫോറും  അടിച്ച് 26 റണ്‍സാണ് എടുത്തത്.

പിന്നാലെ ക്രീസില്‍ എത്തിയ നായകന്‍ ഹാരി ബ്രൂക്ക് സാള്‍ട്ടിനൊപ്പം ചേര്‍ന്ന് മികച്ച ബാറ്റിങ് പുറത്തെടുത്തു. നായകന്‍ 21 പന്തില്‍ ഒരു സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 41 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഇതോടെ സൗത്ത് ആഫ്രിക്കയ്ക്ക് മുമ്പില്‍ മാമോത്ത് സ്‌കോര്‍ തന്നെ ഉയര്‍ത്താന്‍ ഇംഗ്ലീഷ് സംഘത്തിനായി.

മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ടീമിന് മുതലാക്കാനായില്ല. ഓപ്പണര്‍മാരായ എയ്ഡന്‍ മര്‍ക്രമും റിയാന്‍ റിക്കില്‍ട്ടണും ചേര്‍ന്ന് മികച്ച നിലയില്‍ മുന്നേറവെ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. 10 പന്തില്‍ 20 റണ്‍സ് നേടിയ റിക്കില്‍ട്ടന്‍ ജോഫ്രാ ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി.

പിന്നാലെ എത്തിയ ലുഹാന്‍ ഡ്രെ പ്രെട്ടോറിയസും ഡെവാള്‍ഡ് ബ്രെവിസും വന്നത് പോലെ തിരിച്ച് നടന്നു. ഇരുവരും രണ്ടും നാലും റണ്‍സ് യഥാക്രമം നേടിയാണ് തിരികെ ഡഗൗട്ടിലേക്ക് മടങ്ങിയത്. ഏറെ വൈകാതെ ക്യാപ്റ്റന്‍ മര്‍ക്രമും പുറത്തായി. താരം 20 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 41 റണ്‍സാണ് സ്വന്തമാക്കിയത്. പ്രോട്ടിയാസ് നിരയിലെ ഉയര്‍ന്ന സ്‌കോറും താരത്തിന്റെയാണ്.

പിന്നാലെ എത്തിയവര്‍ ഒക്കെ വലിയ പോരാട്ടങ്ങള്‍ കാഴ്ച വെക്കാതെ തിരികെ നടന്നു. ബ്യോണ്‍ ഫോര്‍ട്ടുയിന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. താരം 16 പന്തില്‍ 32 റണ്‍സ് എടുത്തു. 23 റണ്‍സ് വീതം നേടിയ ഡൊണോവന്‍ ഫെരേരയും ട്രിസ്റ്റന്‍ സ്റ്റബ്ബ്സുമാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍.

ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. വില്‍ ജാക്സ്, സാം കറന്‍, ലിയാം ഡോസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദില്‍ റഷീദ് ഒരു വിക്കറ്റും പിഴുതു. അതോടെ ഇംഗ്ലണ്ടിന് വിജയിച്ച് പരമ്പരയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് ഒപ്പമെത്താന്‍ സാധിച്ചു.

 

Content Highlight: England beat South Africa in second T20I match with Phil Salt hundred