ഗോള്‍ മഴയില്‍ ഫ്രാന്‍സ് വീണു; ലോകകപ്പിലെ മൂന്നാമനായി ഇംഗ്ലണ്ടിന്റെ വെള്ള പട്ടാളം
FIFA World Cup 2026
ഗോള്‍ മഴയില്‍ ഫ്രാന്‍സ് വീണു; ലോകകപ്പിലെ മൂന്നാമനായി ഇംഗ്ലണ്ടിന്റെ വെള്ള പട്ടാളം
സുദേവ് എ
Sunday, 19th July 2026, 7:02 am

2026 ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇംഗ്ലണ്ട്. ലൂസേഴ്സ് ഫൈനലില്‍ ഫ്രാന്‍സിനെ 6-4 എന്ന ത്രില്ലര്‍ സ്‌കോറിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എല്ലാം നഷ്ടപ്പെട്ട ടീമുകളുടെ പോരാട്ടത്തില്‍ ഗോള്‍ മഴക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

ബുക്കായോ സാക്കയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് ത്രീ ലയണ്‍സ് ആവേശ വിജയം കൈപ്പിടിയിലാക്കിയത്. 37, 45+ 1, 87 എന്നീ മിനിട്ടുകളിലാണ് സാക്കയുടെ ഹാട്രിക് പിറന്നത്. മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ഡെക്ലാന്‍ റൈസിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്.

18ാം മിനിട്ടില്‍ എസ്രി കോണ്‍സയിലൂടെ ഇംഗ്ലണ്ട് വീണ്ടും ഫ്രാന്‍സിന്റെ വല കുലുക്കി. ആദ്യ പകുതി പിന്നിടുന്നതിന് മുമ്പ് സാക്ക ഇരട്ട ഗോള്‍ നേടി ഇംഗ്ലണ്ടിന് വലിയ ആധിപത്യം നല്‍കി.

രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറി. ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ഫ്രഞ്ച് പട തിരിച്ചടിച്ചു. 48, 66 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്.

ബ്രാഡ്ലി ബാര്‍ക്കോളയും ഒസ്മാനെ ഡെംബെലെയും രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ടു. എന്നാല്‍ സാക്ക ഹാട്രിക് ഗോളും ജൂഡ് ബെല്ലിങ്ങ്ഹാം ഇഞ്ചുറി ടൈമില്‍ ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ത്രീ ലയണ്‍സ് കൈപ്പിടിയിലാക്കുകയായിരുന്നു.

അതേസമയം ലോകകപ്പ് ഫൈനല്‍ പോരാട്ടം ജൂലൈ 20ന് അര്‍ധ രാത്രി 12.30നാണ് നടക്കുന്നത്. കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

സ്പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്പെയ്ന്‍ കണ്ണുവെക്കുക.

മറുഭാഗത്ത് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

 

Content Highlight: England beat France to secure third place in 2026 FIFA World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.