ഇന്ത്യയെ നേരിടുന്ന ഇംഗ്ലണ്ടിന് ന്യൂസിലാന്‍ഡ് കരുത്ത്! മക്കെല്ലം ഒറ്റയ്ക്കല്ല, ഇംഗ്ലണ്ട് പണി തുടങ്ങി
Sports News
ഇന്ത്യയെ നേരിടുന്ന ഇംഗ്ലണ്ടിന് ന്യൂസിലാന്‍ഡ് കരുത്ത്! മക്കെല്ലം ഒറ്റയ്ക്കല്ല, ഇംഗ്ലണ്ട് പണി തുടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th May 2025, 1:09 pm

ഇംഗ്ലണ്ട് പുരുഷ ടീമിന്റെ സ്‌പെഷ്യലിസ്റ്റ് സ്‌കില്‍ കണ്‍സള്‍ട്ടന്റായി മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തിയെ നിയമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. പ്രധാന പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം പുതിയ സ്ട്രാറ്റജികള്‍ നിര്‍മിക്കാനും ഇംഗ്ലണ്ട് ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാനും സൗത്തിയുമുണ്ടാകും.

ആറ് മാസം മുമ്പാണ് സൗത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളെന്ന ഖ്യാതിയോടെയായിരുന്നു സൂപ്പര്‍ താരത്തിന്റെ പടിയിറക്കം.

 

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് വരെ സൗത്തി ഇംഗ്ലണ്ടിനൊപ്പമുണ്ടാകും. കേവലം ടെസ്റ്റില്‍ മാത്രമല്ല, എല്ലാ ഫോര്‍മാറ്റിലും സൗത്തി ത്രീ ലയണ്‍സിനൊപ്പം പ്രവര്‍ത്തിക്കും.

മെയ് 22ന് സിംബാബ്‌വേക്കെതിരായ വണ്‍ ഓഫ് ടെസ്റ്റിന് മുമ്പായി സൗത്തി ടീമിനൊപ്പം ചേരും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി-20 പരമ്പരയിലും സൗത്തി ടീമിനൊപ്പമുണ്ടാകും. എങ്കിലും ഇന്ത്യ – ഇംഗ്ലണ്ട് പരമ്പര തന്നെയായിരിക്കും സൗത്തിയുടെ അസൈന്‍മെന്റുകളില്‍ പ്രധാനം.

ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആധിപത്യം ആതിഥേയര്‍ക്കാണ്. 1932 മുതല്‍ 19 തവണ ഇന്ത്യ ഇംഗ്ലണ്ടിലെത്തി ടെസ്റ്റ് പരമ്പരകള്‍ കളിച്ചു. ഇതില്‍ മൂന്ന് തവണ മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.

ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.

ഇത്തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാന്‍ തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം – 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

 

Content Highlight:  England appointed Tim Southee as a Specialist Skills Consultant