2026 ടി – 20 ലോകകപ്പിനുള്ള താല്‍ക്കാലിക ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി). വളരെ സര്‍പ്രൈസുകള്‍ നിറഞ്ഞ 15 അംഗ ടീമിനെയാണ് ഇ.സി.ബി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് തന്നെയാണ് ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കുന്നത്.
ആഷസിനിടെ പരിക്കേറ്റ ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ ഇടം കണ്ടെത്തി. ഒപ്പം ജോഷ് ടങ്ങിനെയും ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസിലെ പ്രകടനമാണ് താരത്തിന് ടീമിലേക്ക് വഴിയൊരുക്കിയത്. മെല്‍ബണില്‍ നടന്ന പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തിയത് താരമാണ്.
Photo: Johns/x.com
ജോസ് ബട്‌ലര്‍, ജേക്കബ് ബേഥല്‍, വില്‍ ജാക്‌സ്, ഫില്‍ സാള്‍ട്ട് എന്നിവരെല്ലാം ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍, ജെയ്മി സ്മിത്തിനും ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായ ലിയാം ലിവിങ്‌സ്റ്റണിനും ടീമില്‍ ഇടം കണ്ടെത്താനായില്ല.
ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടിന് ശ്രീലങ്കയുമായി പരമ്പരയുണ്ട്. ആര്‍ച്ചര്‍ അല്ലാത്ത താരങ്ങള്‍ ഈ പരമ്പരയില്‍ കളിക്കും. ഈ പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ടി – 20 മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ജനുവരി 22 മുതല്‍ ഏകദിനവും 30 മുതല്‍ ടി – 20യും ആരംഭിക്കും.
Bring it on! 🔥
Our provisional 15-strong squad for the Men’s T20 World Cup in India and Sri Lanka 💪 pic.twitter.com/KFKGwOZC20
അതേസമയം, ഫെബ്രുവരി ഏഴ് മുതലാണ് ലോകകപ്പിന് തുടക്കമാവുക. മാര്‍ച്ച് എട്ട് വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലാണ് ഇംഗ്ലണ്ട് ഉള്‍പ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ്, ഇറ്റലി, നേപ്പാള്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പിലുള്ളത്.