രക്ഷകനായി റൂട്ട്; അവസാന അങ്കത്തിലെ ആദ്യ ബാറ്റിങ്ങില്‍ ഓള്‍ ഔട്ടായി ത്രീ ലയണ്‍സ്!
Sports News
രക്ഷകനായി റൂട്ട്; അവസാന അങ്കത്തിലെ ആദ്യ ബാറ്റിങ്ങില്‍ ഓള്‍ ഔട്ടായി ത്രീ ലയണ്‍സ്!
ശ്രീരാഗ് പാറക്കല്‍
Monday, 5th January 2026, 10:10 am

ആഷസ് ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായി ഇംഗ്ലണ്ട്. രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ സിഡ്ണിയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 384 റണ്‍സാണ് നേടാനായത്.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ജോ റൂട്ടാണ്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 15 ഫോറായിരുന്നു റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടെസ്റ്റില്‍ തന്റെ 41ാം സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിലും റൂട്ട് മുന്നേറുകയാണ്.

സീരീസില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. മെല്‍ബണിലും സെഞ്ച്വറി നേടി റൂട്ട് മിന്നും പ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ സിഡ്ണിയിലും സെഞ്ച്വറി നേടിയ റൂട്ട് ഓസീസ് മണ്ണില്‍ തന്റെ രണ്ടാം സെഞ്ച്വറിയും കുറിച്ചിരിക്കുകയാണ്. മൈക്കല്‍ നെസറിന്റെ പന്താലാണ് റൂട്ട് കൂടാരം കയറിയത്.

റൂട്ടിന് പുറമെ അഞ്ചാമനായി ഇറങ്ങിയ ഹാരി ബ്രൂക്ക് 97 പന്തില്‍ 84 റണ്‍സിന് പുറത്തായിരുന്നു. സ്‌കോട്ട് ബോളണ്ടാണ് താരത്തെ പുറത്താക്കിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പൂജ്യം റണ്‍സിനാണ് പറഞ്ഞയച്ചത്. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 46 റണ്‍സ് ടീമിന് സംഭാവന ചെയ്താണ് മടങ്ങിയത്.

മൈക്കല്‍ നെസറിന്റെ ബൗളിങ് കരുത്തിലാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്തത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാര്‍നസ് ലബുഷാന്‍ ഒരു വിക്കറ്റും നേടി.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് നേടി. ട്രാവിസ് ഹെഡ് 17* റണ്‍സും ജെയ്ക്ക് വെതറാള്‍ഡ് നാല് റണ്‍സുമായും ക്രീസിലുണ്ട്.

Content Highlight: England all out in the first innings of the final Ashes Test 2025-26

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ