പൂനെ: പാകിസ്ഥാനെ പിന്തുണച്ചെന്നാരോപിച്ച് പൂനെയിൽ എൻജിനിയറിങ് വിദ്യാർത്ഥിനി അറസ്റ്റിൽ. പാകിസ്ഥാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്നാരോപിച്ച് പൂനെയിലെ ഒരു എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന 19 കാരിയെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഖതിജ ഷെയ്ഖ് (19) തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം പോസ്റ്റ് ചെയ്തതായി ഒരു തീവ്ര ഹിന്ദുത്വവാദ സംഘടന അവകാശപ്പെട്ടിരുന്നു. തീവ്ര ഹിന്ദുത്വവാദ സംഘടനയുടെ പരാതിക്ക് പിന്നാലെയായിരുന്നു വിദ്യാർത്ഥിനിയുടെ അറസ്റ്റ്. പരാതിയെത്തുടർന്ന് കോന്ധ്വ പൊലീസാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 152 (ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ), 196 (വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 197 (ദേശീയ ഉദ്ഗ്രഥനത്തിന് മുൻവിധിയോടെയുള്ള ആരോപണങ്ങളും പ്രസ്താവനകളും) 299 (മതവികാരങ്ങളെ പ്രകോപിപ്പിക്കൽ) 352 (സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുള്ള മനപൂർവ്വമായ അപമാനം) 353 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്നതോ വിദ്വേഷം ജനിപ്പിക്കുന്നതോ ആയ തെറ്റായ പ്രസ്താവനകൾ, റിപ്പോർട്ടുകൾ അല്ലെങ്കിൽ കിംവദന്തികൾ നടത്തുക, പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ പ്രചരിപ്പിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു. പൊതു ക്രമം തകർക്കാൻ സാധ്യതയുള്ള പാകിസ്ഥാൻ അനുകൂല സ്‌ക്രീൻഷോട്ടുകൾ വിദ്യാർത്ഥിനി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കിട്ടു,’ അഡീഷണൽ പൊലീസ് കമ്മീഷണർ മനോജ് പാട്ടീൽ പറഞ്ഞു.
അതേസമയം വിദ്യാർത്ഥിയെ ഉടനടി കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം സ്ഥാപനം അംഗീകരിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ അത്തരം അവകാശങ്ങൾ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
Content Highlight: Engineering student arrested in Mumbai for supporting Pakistan on Instagram