എഞ്ചിനീയറായ റാപ്പര്‍, കാഠ്മണ്ഡു മേയര്‍; ആരാണ് നേപ്പാളിലെ പ്രധാനമന്ത്രിയാക്കണമെന്ന് ജെന്‍ സി മുറവിളി കൂട്ടുന്ന 'ബാലെന്‍'
Trending
എഞ്ചിനീയറായ റാപ്പര്‍, കാഠ്മണ്ഡു മേയര്‍; ആരാണ് നേപ്പാളിലെ പ്രധാനമന്ത്രിയാക്കണമെന്ന് ജെന്‍ സി മുറവിളി കൂട്ടുന്ന 'ബാലെന്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th September 2025, 12:09 pm

കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭം കത്തിയെരിഞ്ഞുക്കൊണ്ടിരിക്കെ നേപ്പാളിലെ ഭരണത്തെ ചൊല്ലി അന്താരാഷ്ട്ര സമൂഹത്തിനും ആശങ്ക ഉയരുകയാണ്. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും പ്രസിഡന്റുമടക്കം രാജിവെച്ചതോടെ വലിയൊരു അസ്ഥിരതയിലേക്ക് നീങ്ങിയിരിക്കുകയാണ് നേപ്പാള്‍. ജനാധിപത്യ സര്‍ക്കാര്‍ വീണതോടെ ആരാണ് ഭരണം പിടിച്ചെടുക്കുക എന്നാണ് ഉയരുന്ന ചോദ്യം.

ഇതിനിടെ നേപ്പാളിലെ ജെന്‍ സികള്‍ ആവശ്യപ്പെടുന്നത് ജനാധിപത്യ രീതിയില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട പുതിയൊരു പ്രധാനമന്ത്രി സ്ഥാനമേല്‍ക്കണമെന്നാണ്. അതിനായി അവര്‍ തന്നെ കണ്ടെത്തി മുന്നോട്ടുവെയ്ക്കുന്ന പേര് കാഠ്മണ്ഡു മേയറായ ‘ബലേന്‍’ എന്നറിയപ്പെടുന്ന ബലേന്ദ്ര ഷായുടെ പേരാണ്.

ഇന്ത്യയില്‍ നിന്നും എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ, റാപ്പര്‍ ആയിരുന്ന, കാഠ്മണ്ഡുവില്‍ മേയറായ ബാലേന്‍ എങ്ങനെയാണ് ഇത്രപെട്ടെന്ന് ജെന്‍ സികളുടെ മനസ് കീഴടക്കിയതെന്നാണ് ഉയരുന്ന ചോദ്യം.

‘ബാലേന്‍ ദായ്, നേതൃത്വം ഏറ്റെടുക്കൂ’, എന്നാണ് ബാലേനെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കിടയില്‍ ട്രെന്റായ എക്‌സ് പോസ്റ്റ്.

ബംഗ്ലാദേശിനേയും ശ്രീലങ്കയേയും നേപ്പാളിനേയും താരതമ്യപ്പെടുത്തിയാല്‍, നമുക്ക് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കാത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള ബാലേനെ പോലെയുള്ളവരുണ്ടെന്ന് വ്യക്തമാകുമെന്ന് നേപ്പാളിലെ ജെന്‍ സികള്‍ സോഷ്യല്‍മീഡിയില്‍ കുറിച്ചു.

‘ഇപ്പോള്‍ നേതൃത്വം ഏറ്റെടുത്തില്ലെങ്കില്‍ ഒരിക്കലും അതിന് സാധിക്കില്ല, ഞങ്ങള്‍ പിന്നിലുണ്ട്, ധൈര്യമായി മുന്നോട്ട് പോകൂ’, എന്നാണ് ബാലേനെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ എക്‌സില്‍ കുറിച്ചത്.

ആരാണ് ‘ബാലേന്‍’ എന്ന ബാലേന്ദ്ര ഷാ?

ബാലേന്‍ എന്ന് അറിയപ്പെടുന്ന ബാലേന്ദ്ര ഷാ നിലവില്‍ നേപ്പാള്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റിയുടെ മേയറാണ്. ആയുര്‍വേദ ഡോക്ടറായ റാം നാരായണ്‍ ഷായുടെയും മുന്നിലാല്‍ ഷായുടെയും മകനായി 1990 ഏപ്രില്‍ 27ന് കാഠ്മണ്ഡുവില്‍ ജനിച്ച ബാലേന്‍, നേപ്പാളില്‍ സിവില്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യയിലെത്തിയാണ് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയത്.

വിശ്വേശരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്സ്റ്റിയില്‍ നിന്നും സ്ട്രക്ചറല്‍ എഞ്ചിനീയറിങിലാണ് ബിരുദാനന്തരബിരുദമെടുത്തത്.

നേപ്പാളിലെ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കും മുമ്പ് ബാലേന്‍ ഹിപ്‌ഹോപ്പ് ഗായകനായിരുന്നു. അഴിമതിക്കെതിരേയും വിവേചനത്തിനെതിരേയും വരികളെഴുതി ബാലേന്‍ അവതരിപ്പിച്ചിരുന്ന റാപ്പുകള്‍ക്ക് പ്രശസ്തിയും ഏറെയായിരുന്നു.

ബാലേന്‍ 2022ല്‍ കാഠ്മണ്ഡു മേയര്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചിരുന്നു. 61,000ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ ലീഡ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമാകാതിരുന്നിട്ടും ബാലേന്‍ വിജയിച്ചത് സോഷ്യല്‍മീഡിയയിലെ പ്രശസ്തി ഉപയോഗപ്പെടുത്തിയായിരുന്നു.

ബാലേന്ദ്ര ഷായും സബീന കാഫ്‌ലെയും

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സബീന കാഫ്‌ലെയാണ് ബാലേന്റെ ജീവിതപങ്കാളി. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളുമായി സജീവമായി ഇടപെടുന്ന വ്യക്തിയാണ് സബീന.

ഇതിനിടെ, ജെന്‍ സി പ്രക്ഷോഭത്തിന് പരസ്യപിന്തുണ നല്‍കി ’90’സ് കിഡായ’ ബലേന്‍ ഞെട്ടിക്കുകയും ചെയ്തു. പ്രക്ഷോഭം അനിവാര്യമാണെന്നാണ് ബാലേന്‍ പ്രതികരിച്ചത്. അവരുടെ ശബ്ദത്തിനും ചെവികൊടുക്കേണ്ടത് ആവശ്യമാണെന്നും താന്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാത്തത് പ്രായത്തിന്റെ അതിരുകള്‍ ഉള്ളത് കൊണ്ട് മാത്രമാണെന്നും ബാലേന്‍ പറഞ്ഞു.

28 വയസിനു താഴെയുള്ളവര്‍ മാത്രം പ്രക്ഷോഭത്തില്‍ പങ്കെടുത്താല്‍ മതിയെന്ന സംഘാടകരുടെ വാക്കുകള്‍ മാനിച്ചാണ് തന്റെ തീരുമാനമെന്ന് ബാലേന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘കാഠ്മണ്ഡുവില്‍ പൊടുന്നനെയാണ് പ്രക്ഷോഭകര്‍ റാലി നടത്തിയത്, അവരുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ പ്രായക്കൂടുതലുള്ളയാളാണ്. അവരുടെ ലക്ഷ്യവും ചിന്തയുമെല്ലാം മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ആക്ടിവിസ്റ്റുകളും നിയമപാലകരും ക്യാമ്പയിന്‍ നടത്തുന്നവരുമെല്ലാം അതിബുദ്ധി കാണിച്ച് അവനവന്റെ നേട്ടത്തിനായി ഈ റാലി ഉപയോഗപ്പെടുത്തരുത്.

റാലിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും മനസുകൊണ്ട് ഞാന്‍ റാലിക്ക് ഒപ്പമാണ്’, പിന്തുണ അറിയിച്ചുകൊണ്ട് ബാലേന്‍ കുറിച്ചു.

നേപ്പാളില്‍ 26 സോഷ്യല്‍മീഡിയ ആപ്പുകളുടെ നിരോധനത്തിന് പിന്നാലെയാണ് യുവജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. പിന്നീട്, അഴിമതി ആരോപണങ്ങളും യുവാക്കളുടെ തൊഴിലില്ലായ്മയും ചൂണ്ടിക്കാണിച്ച് പ്രക്ഷോഭം ശക്തമാവുകയും തെരുവിലിറങ്ങിയവര്‍ ഭരണകര്‍ത്താക്കള്‍ക്കെതിരെ അക്രമാസക്തരാവുകയുമായിരുന്നു.

ആരുടേയും നേതൃത്വമോ ക്യാമ്പെയിനോ ഇല്ലാതെ പെട്ടെന്ന് ഒത്തുകൂടിയ യുവജനങ്ങള്‍ കാഠ്മണ്ഡുവിനെ സംഘര്‍ഷഭൂമിയാക്കി. പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലും പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയും ആഭ്യന്തരമന്ത്രി രമേശ് ലേഖകും രാജിവെച്ചിരുന്നു. ശര്‍മ ഒലി രാജ്യത്ത് നിന്നും വിദേശത്തേക്ക് കടക്കുകയും ചെയ്തു.

ബാലേന്ദ്ര ഷാ

അതേസമയം, പ്രക്ഷോഭം പരിധികള്‍ ലംഘിച്ചതോടെ സൈന്യത്തിനും നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. 19 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

രാജ്യസുരക്ഷയെ തന്നെ തുലാസിലാക്കിയ യുവാക്കള്‍ പാര്‍ലമെന്റ് മന്ദിരത്തിലെ കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉന്നതപദവിയിലിരിക്കുന്നവരുടെ വസതികള്‍ക്കും തീയിട്ടു.

ഇതോടെ മൂന്ന് മരണങ്ങള്‍ കൂടി സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ്രധാനമന്ത്രി ഝാലനാഥ് ഖാനലിന്റെ വസതിക്കും അക്രമകാരികള്‍ തീയിട്ടിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ കൊല്ലപ്പെടുകയും ചെയ്തു.

Content Highlight: Engineer-turned-rapper, Kathmandu mayor; Gen Z’s shouts out ‘Balen’ should be made Nepal’s Prime Minister