33/5 ല്‍ നിന്ന് 233ലേക്ക്; ഇംഗ്ലണ്ടിന് രക്ഷകനായി ബ്രൂക്കിന്റെ ഒറ്റയാള്‍ പോരാട്ടം
Cricket
33/5 ല്‍ നിന്ന് 233ലേക്ക്; ഇംഗ്ലണ്ടിന് രക്ഷകനായി ബ്രൂക്കിന്റെ ഒറ്റയാള്‍ പോരാട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th October 2025, 11:40 am

ന്യൂസിലാന്‍ഡിനെതിരെയുള്ള ഒന്നാം ഏകദിനത്തില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തി ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. ഒന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 35.2 ഓവറില്‍ 223 റണ്‍സാണ് ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയത്.

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജാമി സ്മിത് തിരികെ നടന്നു. മറ്റ് ഹെന്റിയാണ് താരത്തെ മടക്കിയത്. അടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകളും ടീമിന് നഷ്ടമായി. ഇത്തവണ ബെന്‍ ഡക്കറ്റും ജോ റൂട്ടുമാണ് പുറത്തായത്.

അതോടെ ജേക്കബ് ബേഥലും ബ്രൂക്കും ഒന്നിച്ചു. എന്നാല്‍, ബേഥല്‍ ആറാം ഓവറില്‍ തിരികെ നടന്നു. അഞ്ച് റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ജോസ് ബട്‌ലര്‍ ക്രീസിലെത്തി. ബ്രൂക്ക് വിക്കറ്റ് കീപ്പര്‍ താരവുമായി ചേര്‍ന്ന് 23 റണ്‍സ് എടുത്തു. ഏറെ വൈകാതെ തന്നെ ബട്‌ലറും മടങ്ങി.

അഞ്ചാം വിക്കറ്റ് വീണതിന് പിന്നാലെ ബാറ്റിങ്ങിനെത്തിയ സാം കറനും ഒറ്റയക്കത്തിന് മടങ്ങി. ഇംഗ്ലണ്ടിന് ഇനി ഒരു തിരിച്ച് വരവ് സാധ്യമല്ലെന്ന് ഏവരും വിധിയെഴുതി. എന്നാല്‍, ബ്രൂക്ക് – ജാമി ഓവര്‍ട്ടന്‍ സഖ്യം ഇംഗ്ലണ്ടിന് പുതു ജീവന്‍ നല്‍കി.

അഞ്ചിന് 33 എന്ന റണ്‍സില്‍ ഒരുമിച്ച ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് പിരിഞ്ഞത്. ജേക്കബ് ഡഫി ഓവര്‍ട്ടനെ മടക്കിയതോടെയാണ് ഈ ജോഡി പൊളിച്ചത്. അടുത്തതായി ബാറ്റിങ്ങെത്തിയ ബ്രൈഡന്‍ കാര്‍സ് വന്നത് പോലെ തന്നെ മടങ്ങി. അപ്പോഴും ബ്രൂക്ക് മറുവശത്ത് പിടിച്ച് നിന്നു.

പത്താം നമ്പറില്‍ എത്തിയ ആദില്‍ റഷീദിനെയും കൂടി പിന്നെയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, അതിന് വലിയ ആയുസുണ്ടായിരുന്നില്ല. ഇരുവരും 23 റണ്‍സ് മാത്രമാണ് ചേര്‍ത്തത്.

പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ ലൂക്ക് വുഡുമായി ചേര്‍ന്ന് 57 റണ്‍സ് സ്‌കോര്‍ ചെയ്ത് ബ്രൂക്ക് മടങ്ങി. അതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 233ല്‍ അവസാനിച്ചു. ബ്രൂക്ക് 101 പന്തില്‍ 135 റണ്‍സാണ് താരം എടുത്തത്. താരത്തിന്റെ ഇന്നിങ്‌സില്‍ 11 സിക്സും ഒമ്പത് ഫോറുമാണ് അതിര്‍ത്തി കടന്നത്. ലൂക്ക് വുഡ് നാല് പന്തില്‍ പുറത്താവാതെ അഞ്ച് റണ്‍സ് എടുത്തു.

ന്യൂസിലാന്‍ഡിനായി സക്കറി ഫൗള്‍ക്‌സ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകള്‍ നേടി. ഒപ്പം മറ്റ് ഹെന്റി രണ്ടും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

നിലവില്‍ ന്യൂസിലാന്‍ഡ് മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റിന് 121 റണ്‍സ് എടുത്തിട്ടുണ്ട്. 34 പന്തില്‍ 34 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്വെല്ലും 45 പന്തില്‍ 32 റണ്‍സെടുത്ത ഡാരല്‍ മിച്ചലുമാണ് ക്രീസിലുള്ളത്. രചിന്‍ രവീന്ദ്ര (17 പന്തില്‍ 17), വില്‍ യങ് (ഏഴ് പന്തില്‍ അഞ്ച്), കെയ്ന്‍ വില്യംസണ്‍ (ഒരു പത്തില്‍ പൂജ്യം) എന്നിവരെയാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിക്കുന്ന ഒരു വിക്കറ്റെടുത്തത് ലൂക്ക് വുഡാണ്.

 

Content Highlight: Eng vs NZ: Harry Brook’s century helped England to rise decent score against New Zealand