ഒന്നാമത്തേതല്ല, ഇത് രണ്ടാം തവണ; ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ആദ്യം!
Cricket
ഒന്നാമത്തേതല്ല, ഇത് രണ്ടാം തവണ; ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ആദ്യം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st November 2025, 10:12 pm

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലാന്‍ഡ് തൂത്തുവാരിയിരുന്നു. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെയാണ് കിവികള്‍ പരമ്പരയില്‍ ജേതാക്കളായത്. മൂന്നാം മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം.

ഇതോടെ ഒരു മോശം നേട്ടമാണ് ഇംഗ്ലണ്ട് തങ്ങളുടെ അക്കൗണ്ടിലാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ രണ്ട് തവണ ഒരു വിജയം പോലുമില്ലാതെ പരമ്പര കൈവിട്ടുവെന്ന നാണക്കേടാണ് ടീം എഴുതി ചേര്‍ത്തത്. ന്യൂസിലാന്‍ഡിനോട് പുറമെ ഇന്ത്യയോടാണ് ഇംഗ്ലണ്ട് ഇങ്ങനെ പരമ്പര കൈവിട്ടത്.

ഇന്ത്യയും ഇംഗ്ലണ്ടും ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഏകദിന പരമ്പരയില്‍ പരസ്പരം ഏറ്റുമുട്ടിയത്. മൂന്ന് മത്സരങ്ങളുള്ള ഈ പരമ്പരയില്‍ ഇന്ത്യയായിരുന്നു ജയിച്ചത്. മൂന്ന് മത്സരങ്ങളും ജയിച്ച അധികാരികമായിട്ടായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ വിജയം. ഈ പരമ്പര നഷ്ടത്തിന് ശേഷം ഇപ്പോള്‍ ന്യൂസിലന്‍ഡിനോടും സമാനമായ പരമ്പര തോല്‍വി വഴങ്ങിയതോടെയാണ് ഇംഗ്ലണ്ട് മോശം നേട്ടത്തിലെത്തിയത്.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40.2 ഓവറില്‍ 222 പുറത്തായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി എട്ടാമനായെത്തിയ ജെയ്മി ഓവര്‍ട്ടണ്‍ മിന്നും പ്രകടനം നടത്തി. താരം 62 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 68 റണ്‍സാണ് നേടിയത്.

താരത്തിന് പുറമെ വിക്കറ്റ് കീപ്പറായ ജോസ് ബട്ലറും ബ്രൈഡന്‍ കാഴ്സും ടീമിനായി സ്‌കോര്‍ ചെയ്തു. ബട്‌ലര്‍56 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ കാഴ്സ് 36 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

കിവീസിന് വേണ്ടി ബ്ലെയര്‍ ടിക്നര്‍ നാല് വിക്കറ്റുമായി തിളങ്ങി. ഒപ്പം, ജേക്കബ് ഡഫി മൂന്ന് വിക്കറ്റും സക്കറി ഫോള്‍ക്സ് രണ്ടും മിച്ചല്‍ സാന്റ്നര്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് 44.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ രചിന്‍ രവീന്ദ്രയാണ്. താരം 37 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 46 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ 44 റണ്‍സും ഡെവോണ്‍ കോണ്‍വെ 34 റണ്‍സും നേടി മികവ് പുലര്‍ത്തി.

ഇംഗ്ലണ്ടിന് വേണ്ടി ജെയ്മി ഓവര്‍ട്ടണ്‍, സാം കരണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ബ്രൈഡന്‍ കാഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.

 

Content Highlight: Eng vs NZ: For the first time England have gotten clean swept twice in a calendar year in ODIs