കുട്ടേട്ടനും കൂട്ടുകാരും കുരുക്കിലാകുമോ?, മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ഇ.ഡി അന്വേഷണം
Film News
കുട്ടേട്ടനും കൂട്ടുകാരും കുരുക്കിലാകുമോ?, മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ഇ.ഡി അന്വേഷണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 3:43 pm

ഈ വര്‍ഷം പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. 241 കോടിയോളം കളക്ഷന്‍ നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. എന്നാല്‍ ഇതിന് പിന്നാലെ വലിയ വിവാദങ്ങള്‍ സിനിമയെ ചുറ്റിപ്പറ്റി ഉടലെടുത്തിരുന്നു.

സിനിമക്കായി ഏഴ് കോടിയോളം മുടക്കിയ അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. സിനിമക്ക് കിട്ടിയ ലാഭത്തിന്റെ 40 ശതമാനം തരാമെന്ന് സിറാജിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അത് കിട്ടാതെ വന്നതോടെയുമാണ് സിറാജ് പരാതി നല്‍കിയത്.

ഇതിന് പിന്നാലെ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പറവ ഫിലിംസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ വല്ലതും നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. ചിത്രത്തിന് ലഭിച്ച കളക്ഷനും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമാകും ഇ.ഡി അന്വേഷിക്കുക.

2007ല്‍ നടന്ന യാഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധാനം ചെയ്തത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, അരുണ്‍ കുര്യന്‍, ഗണപതി, ദീപക് പറമ്പോല്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ പവയ തമിഴ് ഗാനമായ കണ്മണീ അന്‍പോട് കാതലന്‍ എന്ന ഗാനം ഉപയോഗിച്ചതിന് സംഗീത സംവിധായകന്‍ ഇളയരാജ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Content Highlight: Enforcement Directorate going to question on Manjummel Boys producers