താമര വാടി; പത്തനംതിട്ടയില്‍ മൂന്ന് പഞ്ചായത്തുകളില്‍ ബി.ജെ.പി ഭരണത്തിന് അന്ത്യം
Kerala News
താമര വാടി; പത്തനംതിട്ടയില്‍ മൂന്ന് പഞ്ചായത്തുകളില്‍ ബി.ജെ.പി ഭരണത്തിന് അന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th December 2025, 7:47 am

പത്തനംതിട്ട: പത്തനംതിട്ടയില്‍ മൂന്ന് പഞ്ചായത്തുകളില്‍ എന്‍.ഡി.എ ഭരണത്തിന് അവസാനം. കുളനട, ചെറുകോല്‍, കവിയൂര്‍ പഞ്ചായത്തുകളിലെ ഭരണമാണ് ബി.ജെ.പി സഖ്യത്തിന് നഷ്ടപ്പെട്ടത്.

എട്ട് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് കുളനട പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ആകെയുള്ള 17 വാര്‍ഡുകളില്‍ കേവലഭൂരിപക്ഷത്തേക്കാളേറെ വാര്‍ഡുകള്‍ സ്വന്തമാക്കിയാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്.

മുന്നണിസംവിധാനത്തിന് പുറത്ത് സ്വതന്ത്രരെയും വിജയിപ്പിച്ചെടുക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചു. 35 വര്‍ഷത്തിന് ശേഷമാണ് കുളനടയില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തുന്നത്.

14 വാര്‍ഡുകളുള്ള ചെറുകോലില്‍ എല്‍.ഡി.എഫ് ഏഴ് സീറ്റുമായി എല്‍.ഡി.എഫ് ഒന്നാമതെത്തി. അഞ്ച് സീറ്റാണ് ഇവിടെ എന്‍.ഡി.എക്ക് ലഭിച്ചത്. രണ്ട് സീറ്റുമായി യു.ഡി.എഫ് മൂന്നാമതാണ്. മഞ്ഞപ്രമല വാര്‍ഡില്‍ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്വതന്ത്ര ഷീജ മാത്യു വിജയിച്ചത്.

ശക്തമായ പോരാട്ടം നടന്ന കവിയൂര്‍ പഞ്ചായത്തില്‍ അഞ്ച് വീതം സീറ്റുകളുമായി എല്‍.ഡി.എഫും എന്‍.ഡി.എയും ഒന്നാമതെത്തിയപ്പോള്‍ നാല് സീറ്റുകളുമായി യു.ഡി.എഫും നിര്‍ണായക സാന്നിധ്യമായി.

ആകെയുള്ള 14 വാര്‍ഡുകളില്‍ കേവലഭൂരിപക്ഷമായ എട്ട് സീറ്റ് നേടാന്‍ മൂന്ന് മുന്നണികള്‍ക്കും സാധിച്ചിട്ടില്ല.

അതേസമയം, പന്തളം നഗരസഭയിലടക്കം ബി.ജെ.പിക്ക് അടിതെറ്റിയിരുന്നു. ശബരിമല സ്വര്‍ണപ്പാളി വിഷയം കത്തിനിന്ന സാഹചര്യത്തില്‍ കൂടിയാണ് പന്തളം ബി.ജെ.പിയെ കൈവിട്ടത്.

പന്തളം നഗരസഭയില്‍ ആകെയുള്ള 34 സീറ്റുകളില്‍ 14ലും നേടിയാണ് എല്‍.ഡി.എഫ് ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ 18 സീറ്റുകളുമായി ഒറ്റയ്ക്ക് ഭരണം പിടിച്ച ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം ഇത്തവണ ഒമ്പത് സീറ്റിലേക്ക് ചുരുങ്ങി മൂന്നാമതായി. 11 സീറ്റുമായി യു.ഡി.എഫാണ് രണ്ടാമത്.

നിലവില്‍ പന്തളം നഗരസഭയില്‍ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.

അടൂര്‍ നഗരസഭയിലെ ആകെയുള്ള 29 സീറ്റില്‍ എന്‍.ഡി.എ നാലിലേക്ക് ചുരുങ്ങിയപ്പോള്‍ തിരുവല്ലയിലെ 37 സീറ്റില്‍ ഏഴ് സീറ്റ് മാത്രമാണ് എന്‍.ഡി.എക്ക് നേടാന്‍ സാധിച്ചത്. 33 സീറ്റുള്ള പത്തനംതിട്ട നഗരസഭയില്‍ വെറും ഒരു സീറ്റാണ് എന്‍.ഡി.എ പിടിച്ചത്. ഈ മൂന്ന് നഗരസഭയും യു.ഡി.എഫിന് കൈകൊടുത്തു.

 

Content Highlight: End of NDA rule in three panchayats in Pathanamthitta