കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പരാതി. ജി.സി.ഡി.എ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) ആണ് പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പരാതിയുണ്ട്. അടിയന്തിര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് അതിക്രമിച്ചുകയറിയെന്നാണ് ജി.സി.ഡി.എയുടെ ആരോപണം.
ഇത്തരത്തില്‍ അതിക്രമിച്ച് കയറുന്നതിലൂടെ സ്റ്റേഡിയത്തിനകത്തെ ടര്‍ഫ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജി.സി.ഡി.എ പറയുന്നത്.
കഴിഞ്ഞ ദിവസം നവീകരണത്തിനായി കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയതില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍, എം.എല്‍.എമാരായ ഉമാ തോമസ്, ടി.ജെ. വിനോദ് എന്നിവര്‍ നേരിട്ട് സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു.
അതേസമയം സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായി ചേര്‍ന്ന് കരാറുണ്ടാക്കിയിട്ടുണ്ടെന്നും നവംബര്‍ 30ന് സ്റ്റേഡിയം നവീകരിച്ച് ജി.സിഡി.എയ്ക്ക് കൈമാറുമെന്നുമാണ് സ്‌പോണ്‍സറുടെ അവകാശവാദം.
കരാര്‍ വിവാദമായതോടെ, നവംബര്‍ 30ന് ശേഷം സ്റ്റേഡിയത്തിനുമേല്‍ സ്പോണ്‍സര്‍ക്ക് യാതൊരു അവകാശവുമുണ്ടാകില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസും അറിയിച്ചിരുന്നു.
Content Highlight: Encroachment on Kaloor Stadium; Complaint filed against Ernakulam DCC President