ഷാഫി കോണ്‍ഗ്രസുകാര്‍ക്ക് നല്‍കുന്നത് പുല്ലുവില; ബി.ജെ.പിയെ വിജയിപ്പിക്കാനാണ് അര സംഘിയായ പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം: ഇ.എന്‍. സുരേഷ് ബാബു
Kerala
ഷാഫി കോണ്‍ഗ്രസുകാര്‍ക്ക് നല്‍കുന്നത് പുല്ലുവില; ബി.ജെ.പിയെ വിജയിപ്പിക്കാനാണ് അര സംഘിയായ പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം: ഇ.എന്‍. സുരേഷ് ബാബു
അനിത സി
Monday, 23rd March 2026, 3:40 pm

പാലക്കാട്: പാലക്ക് മണ്ഡലത്തില്‍ അധ്വാനിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഷാഫി പറമ്പില്‍ നല്‍കുന്നത് പുല്ലുവിലയെന്ന് സി.പി.ഐ.എം ജില്ലാസെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഷാഫിയുടെ സ്വാധീനത്തില്‍ കെ.സി. വേണുഗോപാലും വി.ഡി. സതീശനും വീണുപോയെന്നും ഷാഫി എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ നല്‍കുകയാണ് മുതിര്‍ന്ന നേതാക്കളെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാലക്കാടും സംസ്ഥാന തലത്തിലും നല്ല നേതാക്കന്മാരില്ലാഞ്ഞിട്ടാണോ രമേഷ് പിഷാരടിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് അദ്ദേഹം ചോദിച്ചു.

ഷാഫിയുടെ ഏകപക്ഷീയമായ തീരുമാനമാണത്. പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ വോട്ട് ചോദിച്ചും പോസ്റ്ററൊട്ടിച്ചും കഷ്ടപ്പെട്ടാല്‍ മതി. സ്ഥാനാര്‍ത്ഥികളെ താന്‍ തീരുമാനിക്കുമെന്നാണ് ഷാഫിയുടെ നിലപാട്. അതിന് വശംവദരായിരിക്കുകയാണ് വി.ഡി. സതീശനും കെ.സി. വേണുഗോപാലും അക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ചിന്തിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു.

രാഷ്ട്രീയ ധാരണയില്ലാത്ത കോമഡി ഷോ ചെയ്യുന്ന കലാകാരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. രമേശ് മത്സരിക്കേണ്ടെന്നല്ല പറയുന്നത്.പക്ഷെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയായിരുന്നില്ല പാലക്കാട് നിര്‍ത്തേണ്ടിയിരുന്നത്. ഇതിലൂടെ ബി.ജെ.പിയെ ജയിപ്പിക്കലാണ് ഷാഫി ലക്ഷ്യം വെച്ചത്.

അര സംഘിയുടെ മനസുമായാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി എത്തിയിരിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസ്-ബി.ജെ.പി ഡീലിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാലക്കാട് മണ്ഡലത്തിന്റെ പുനര്‍നിര്‍ണയം സംഭവിച്ചതിന് ശേഷം എല്‍.ഡി.എഫിന് ഇവിടെ ജയിക്കാനായിട്ടില്ല. എല്‍.ഡി.എഫിന് ജയിക്കണമെങ്കില്‍ രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ട് ലഭിക്കണം.

അതുകൊണ്ടാണ് എം.എന്‍.ആര്‍ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കിത്. പാലക്കാട് എല്‍.ഡി.എഫ്-ബി.ജെ.പി ഡീലെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തള്ളിക്കൊണ്ട് സുരേഷ് ബാബു വിശദീകരിച്ചു.

Content Highlight: Kerala Assembly Election: EN Suresh Babu Criticizes Shafi Parambil

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.