മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഓണ്‍ലൈനിലും ഓഫ്ലൈനിലും എമ്പുരാന്‍ മാത്രമാണ് ട്രെന്‍ഡായി നില്‍ക്കുന്നത്. മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ ഒന്നുപോലും വിടാതെ എമ്പുരാന്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആരാധകരും ന്യൂട്രല്‍സും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിനെ വരവേല്ക്കാന്‍ തിയേറ്ററുകള്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു.
മാര്‍ച്ച് 27 തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്കാണ്. ഇന്ന് (വെള്ളി) രാവിലെ ഒമ്പത് മണിമുതലാണ് എമ്പുരാന്റെ ബുക്കിങ് തുങ്ങിയത്. ബുക്കിങ് തുടങ്ങി ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും ചിത്രത്തിന്റെ ആദ്യ ദിനത്തിലെ ഷോകളില്‍ ഭൂരിഭാഗവും നിറഞ്ഞിരിക്കുകയാണ്. ബുക്കിങ് ഓപ്പണ്‍ ആയപ്പോള്‍ ചെയ്യാന്‍ കഴിയാത്ത പലര്‍ക്കും ആദ്യ ദിനം ഇനി ടിക്കറ്റുകള്‍ ലഭ്യമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളത്തിലെ സര്‍വകാല റെക്കോര്‍ഡുകളും തിരുത്തുമെന്നാണ് പല ഫിലിം അനലിസ്റ്റുകളും എമ്പുരാനെ കുറിച്ച് പ്രവചിച്ചത്. പ്രവചനം സത്യമാകുന്നു എന്ന സൂചനകളാണ് ആദ്യ ദിനത്തിലെ ബുക്കിങ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
ഇതുവരെ 320 ഫാന്‍സ് ഷോ എമ്പുരാനായി കേരളത്തില്‍ ചാര്‍ട്ട് ചെയ്തത്. 300ന് മുകളില്‍ ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മാത്രം മലയാളചിത്രമാണ് എമ്പുരാന്‍. ഈ ലിസ്റ്റിലുള്ള മറ്റ് മലയാള ചിത്രങ്ങള്‍ ഒടിയനും മരക്കാറുമാണെന്ന് അറിയുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്റെ ഫാന്‍സ് പവര്‍ എത്രത്തോളമുണ്ടെന്ന് മനസിലാകും.
ഫുള്‍ പോസിറ്റീവ് റിവ്യൂവാണ് എമ്പുരാന് ലഭിക്കുന്നതെങ്കില്‍ ലിയോ കൈയടക്കിവെച്ചിരിക്കുന്ന ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ തന്റെ പേരിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും ഷോ കൗണ്ട് ആദ്യദിന കളക്ഷനില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കും.