മനോജ് തിവാരിയുടേയും ഗൗതംഗംഭീറിന്റേയും തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ ആളുകളെത്തിയില്ല; ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിച്ച് രാജ്‌നാഥ് സിംഗ്
D' Election 2019
മനോജ് തിവാരിയുടേയും ഗൗതംഗംഭീറിന്റേയും തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ ആളുകളെത്തിയില്ല; ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിച്ച് രാജ്‌നാഥ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 5:50 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ ആളുകള്‍ എത്താത്തതിനെ തുടര്‍ന്ന് കസേരകള്‍ ഒഴിഞ്ഞു കിടന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത യോഗത്തിലാണ് കസേരകള്‍ ഒഴിഞ്ഞു കിടന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ മനോജ് തിവാരിക്കും മുന്‍ ക്രിക്കറ്റര്‍ ഗൗതംഗംഭീറിനും വേണ്ടി ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിനാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നത്.

നേരത്തെ മീറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സമാന അനുഭവം നേരിട്ടിരുന്നു. ആളില്ലാത്ത ഒഴിഞ്ഞ കസേരകളോടായിരുന്നു മോദി പ്രസംഗിച്ചത്.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന അനുഭവം ഉണ്ടായിരുന്നു. അന്ന് ഒഴിഞ്ഞ കസേരകള്‍ ഒളിപ്പിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം വാര്‍ത്തയായിരുന്നു.

രാജ്നാഥ് സിംഗ് പാലക്കാട് തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴും ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ടി വന്നിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് യോഗങ്ങളിലും റാലികളിലും ജനപങ്കാളിത്തം കുറഞ്ഞതോടെ ബി.ജെ.പി നേതൃത്വം ആശങ്കയിലാണ്. മെയ് 12നാണ് ദല്‍ഹിയില്‍ വോട്ടെടുപ്പ്.

ഫോട്ടോ കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ