ജോലി തട്ടിപ്പ്: എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
Kerala
ജോലി തട്ടിപ്പ്: എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2014, 12:50 pm

[]കോഴിക്കോട്: വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസടക്കം അഞ്ചു പേര്‍ അറസ്റ്റില്‍.

എയര്‍ ഇന്ത്യയുടെ എയര്‍ഹോസ്റ്റസ് കൊല്ലൂര്‍ സ്വദേശിനി വാണി,  ഫ്രേഡ് പോള്‍, അനൂപ് ജോസ്ഫ്, അനൂപ് ,സുരേഷ്‌കുമാര്‍ എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ദല്‍ഹി വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫിനെ നിയോഗിക്കാനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ഫ്‌ളൈസ് ഓണ്‍ ആവിയേഷന്റെ ഫ്രാഞ്ചൈസി ഉണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ബുധനാഴ്ച കോഴിക്കോട്ട് ഇന്റര്‍വ്യൂ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ സമീപമുള്ള കെട്ടിടത്തിലാണ് അഭിമുഖം നടത്തിയത്. സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ പൊലീസില്‍ വിവരമറിക്കുകയായിരുന്നു.

പോലീസ് പരിശോധന നടത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു രേഖകളും ഇവരുടെ കൈവശം ഇല്ലായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പത്രങ്ങളില്‍ പരസ്യം നല്‍കാതെയായിരുന്നു അഭിമുഖം. ഫോണ്‍, എസ്എംഎസ് വഴിയാണ് ഉദ്യാഗാര്‍ഥികളെ വിവരം അറിയിച്ചത്.

അഭിമുഖത്തിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് 60,000 രൂപയാണ് വാങ്ങുക. 30 പേരാണ് അഭിമുഖത്തിനെത്തിയത്.