ബി.ജെ.പി കലാകാരന്മാരെ അവഗണിക്കുന്നോ? പാര്‍ട്ടി വിട്ട് സിനിമാ മേഖലയിലെ പ്രമുഖര്‍
Kerala News
ബി.ജെ.പി കലാകാരന്മാരെ അവഗണിക്കുന്നോ? പാര്‍ട്ടി വിട്ട് സിനിമാ മേഖലയിലെ പ്രമുഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2023, 7:00 pm

തിരുവനന്തപുരം: ബി.ജെ.പി പാര്‍ട്ടി വിട്ട് സിനിമാ മേഖലയില്‍ നിന്നുളള പ്രമുഖര്‍. ഈ അടുത്ത് മാത്രം മൂന്ന കലാകാരന്മാരാണ് ബി.ജെ.പി വിട്ട് മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറിയത്. അതില്‍ രണ്ട് പേര്‍ സി.പി.ഐ.എമ്മിലേക്കാണ് പോയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന രാജസേനനായിരുന്നു ആദ്യം ബി.ജെ.പി പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മിലേക്ക് പോയത്.

ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും തനിക്ക് ബി.ജെ.പിയില്‍ പരിഗണന കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഒടുവില്‍ സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സി.പി.ഐ.എമ്മാണെന്നും രാജസേനന്‍ പറഞ്ഞിരുന്നു.

രാജസേനന് പിന്നാലെയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ ഭീമന്‍ രഘു സി.പി.ഐ.എമ്മിലേക്ക് പോകുന്നതായി അറിയിച്ചത്.

ഈ മാസം 22ന് മുഖ്യമന്ത്രിയെ കാണുമെന്നും സി.പി.ഐ.എം പാര്‍ട്ടി ഓഫീസിലെത്തി അവിടെ വെച്ച് മറ്റ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നുമായിരുന്നു നടന്‍ അറിയിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരെയും നടന്‍ ജഗദീഷിനെതിരെയും ഭീമന്‍ രഘു മത്സരിച്ചിരുന്നു.

ഇപ്പോള്‍ ഒടുവിലായി മലയാളി സംവിധായകനും തീവ്ര ഹിന്ദുത്വവാദിയുമായ രാമസിംഹന്‍ അബൂബക്കറാണ് ബി.ജെ.പി വിട്ടത്.

ബി.ജെ.പി കലാകാരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. തെരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തുക്കളല്ല കലാകാരന്മാരെന്നും, അവരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ബി.ജെ.പിക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സന്തോഷം പങ്ക് വെക്കുകയാണെന്നും താനിപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നുമായിരുന്നു പാര്‍ട്ടി വിട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

 

Content Highlight: Eminent people in the film industry have left the bjp party