90 മിനിട്ടില്‍ ചരിത്രം കുറിച്ച് കുറാസാവോക്കാരന്‍; ഏഴില്‍ തളരാത്ത പോരാട്ട വീര്യത്തിന് മുന്നില്‍ അമേരിക്കക്കാരനും തകര്‍ന്നു!
Football
90 മിനിട്ടില്‍ ചരിത്രം കുറിച്ച് കുറാസാവോക്കാരന്‍; ഏഴില്‍ തളരാത്ത പോരാട്ട വീര്യത്തിന് മുന്നില്‍ അമേരിക്കക്കാരനും തകര്‍ന്നു!
ശ്രീരാഗ് പാറക്കല്‍
Monday, 22nd June 2026, 12:33 pm

2026 ഫിഫ ലോകകപ്പില്‍ കുറാസാവോയും ഇക്വഡോറും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ഗോളുകള്‍ വഴങ്ങാത്ത ഈ മത്സരത്തില്‍ കുറാസാവോയുടെ ഗോള്‍കീപ്പര്‍ എലോയ് റൂം നടത്തിയ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച.

ലോകകപ്പ് ചരിത്രത്തിലേക്ക് പുതിയ റെക്കോഡുമായാണ് കുറാസാവോയുടെ വന്‍മതില്‍ ഇക്വഡോറിനെ വിറപ്പിച്ചത്. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ 15 നിര്‍ണായക സേവുകളാണ് റൂം നടത്തിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ 90 മിനിട്ടിനുള്ളില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ ഗോള്‍കീപ്പറെന്ന റെക്കോര്‍ഡാണ് റൂം സ്വന്തം പേരില്‍ കുറിച്ചത്.

മത്സരത്തിലുടനീളം ഇക്വഡോര്‍ കുറാസാവോയുടെ ഗോള്‍മുഖത്ത് ആക്രമണങ്ങളുടെ പെരുമഴ തീര്‍ത്തെങ്കിലും റൂം ഒരു രാജ്യത്തിന്റെ കാവലാളായി നിലകൊണ്ടു. നിരവധി ക്ലോസ് റേഞ്ച് ഷോട്ടുകളും ഡെയ്ഞ്ചറസ് ഹെഡറുകളും താരം അത്ഭുതകരമായി തട്ടിയകറ്റി.

ഇക്വഡോര്‍ താരങ്ങള്‍ തുടര്‍ച്ചയായി പരീക്ഷിച്ചെങ്കിലും ഓരോ തവണയും അത്ഭുതകരമായ റിഫ്‌ളക്‌സ് സേവുകളിലൂടെ റൂം ടീമിനെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ജര്‍മനിക്കെതിരെ ഏഴ് ഗോള്‍ വഴങ്ങിയതിന് പിന്നാലെയാണ് റൂമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നത് എടുത്തുപറയണം. റൂമിന്റെ മിന്നും പ്രകടനമാണ് കുറാസാവോയ്ക്ക് ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റ് സമ്മാനിച്ചത്.

2014 ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ അമേരിക്കന്‍ ഗോള്‍കീപ്പര്‍ ടിം ഹോവാര്‍ഡ് നടത്തിയ 16 സേവുകളാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സേവുകളുടെ റെക്കോഡ്. എന്നാല്‍ ആ നേട്ടം എക്‌സ്ട്രാ ടൈം ഉള്‍പ്പെടെ 120 മിനിറ്റില്‍ നേടിയതായിരുന്നു. എന്നാല്‍ ലോകകപ്പില്‍ 90 മിനിട്ടിനുള്ളില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ മികച്ച ഗോള്‍കീപ്പിങ് പ്രകടം നടത്താന്‍ റൂമിന് സാധിച്ചു.

മത്സരശേഷം ആരാധകരുടെയും ഫുട്‌ബോള്‍ ലോകത്തിന്റെയും പ്രശംസ ഏറ്റുവാങ്ങുകയാണ് കുറാസാവോ ഗോള്‍ കീപ്പര്‍. തോല്‍വി ഉറപ്പെന്ന് കരുതിയ മത്സരത്തില്‍ ഒരു പോയിന്റ് നേടിക്കൊടുത്ത റൂമിന്റെ പ്രകടനം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ഇതിനോടകം താരം നടത്തിയ സേവുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും കായികമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.

ഈ സമനിലയിലൂടെ ഗ്രൂപ്പ് ഇയില്‍ കുറാസാവോയുടെ നോക്കൗട്ട് പ്രതീക്ഷകളും തുടരുകയാണ്. മത്സരത്തില്‍ നേടിയ ഈ ഒരു പോയിന്റ് ടീമിന് വലിയ ആത്മവിശ്വാസം പകരുന്നതാണ്. അടുത്ത മത്സരങ്ങളിലും സമാന പ്രകടനം ആവര്‍ത്തിച്ചാല്‍ ലോകകപ്പിലെ അട്ടിമറിക്കാരായി കുറാസാവോ മാറാന്‍ സാധ്യതയുണ്ട്. ജൂണ്‍ 26ന് ഐവറി കോസ്റ്റിനെതിരെയാണ് കുറാസാവോയുടെ അടുത്ത മത്സരം. ഫിലാഡല്‍ഫിയ സ്റ്റേഡിയമാണ് വേദി.

Content Highlight: Eloy Room Create Historical Record Achievement In FIFA World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ