ഹിറ്റ്‌ലറെയും ജസ്റ്റിന്‍ ട്രൂഡോയെയും താരതമ്യപ്പെടുത്തി ട്വീറ്റ്; തൊട്ടുപിന്നാലെ ഡിലീറ്റ് ചെയ്ത് ഇലോണ്‍ മസ്‌ക്
World News
ഹിറ്റ്‌ലറെയും ജസ്റ്റിന്‍ ട്രൂഡോയെയും താരതമ്യപ്പെടുത്തി ട്വീറ്റ്; തൊട്ടുപിന്നാലെ ഡിലീറ്റ് ചെയ്ത് ഇലോണ്‍ മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th February 2022, 1:28 pm

ന്യൂയോര്‍ക്ക്: കാനഡയില്‍ ഫ്രീഡം കണ്‍വോയ് പ്രതിഷേധവും ട്രക്ക് സമരങ്ങളും ശക്തിപ്രാപിക്കെ, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള മീം പങ്കുവെച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്.

എന്നാല്‍ തൊട്ടുപിന്നാലെ തന്നെ മീം പങ്കുവെച്ചുകൊണ്ടുള്ള തന്റെ ട്വീറ്റ് മസ്‌ക് ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഡിലീറ്റ് ചെയ്യുകയായിരുന്നു.

അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതും മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ക്കുമെതിരെയാണ് കാനഡയില്‍ ട്രക്കുകള്‍ നിരത്തിയുള്ള സമരത്തിലേക്ക് പ്രതിഷേധക്കാര്‍ കടന്നത്. ഇതിനെ പിന്തുണക്കുന്ന തരത്തിലായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

‘ജസ്റ്റിന്‍ ട്രൂഡോയുമായി എന്നെ താരതമ്യപ്പെടുത്തുന്നത് നിര്‍ത്തൂ,’ എന്ന് ഹിറ്റ്‌ലറുടെ തലക്ക് മുകളില്‍ എഴുതിയതായിട്ടുള്ള മീം ആണ് മസ്‌ക് ഷെയര്‍ ചെയ്തത്.

എന്നാല്‍ വിവാദമായതോടെ മസ്‌ക് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. അമേരിക്കന്‍ സമയം ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മസ്‌ക് ട്വീറ്റ് ചെയ്തത്. എന്നാല്‍ കാരണങ്ങളൊന്നും വിശദീകരിക്കാതെ വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ട്വിറ്ററില്‍ 74 മില്യണ്‍ ഫോളോവേഴ്‌സാണ് ഇലോണ്‍ മസ്‌കിനുള്ളത്.

ഇതിനിടെ തലസ്ഥാനമായ ഒട്ടാവയില്‍ നടക്കുന്ന ഫ്രീഡം കണ്‍വോയ് പ്രതിഷേധങ്ങളെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ച് തടയാന്‍ ജസ്റ്റിന്‍ ട്രൂഡോ തീരുമാനമെടുത്തിരുന്നു.

ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ പിയറി ട്രൂഡോയുടെ ഭരണകാലത്താണ് മുമ്പ് എമര്‍ജന്‍സി പവര്‍ ഉപയോഗിച്ചിട്ടുള്ളത്. 1970ലെ ഒക്ടോബര്‍ ക്രൈസിസ് സമയത്തായിരുന്നു ഇത്.

സമരം നേരിടാന്‍ നിലവിലെ സ്ഥിതിയില്‍ പട്ടാളത്തെ വിന്യസിക്കില്ലെന്നും, എന്നാല്‍ സമരക്കാരെ അറസ്റ്റ് ചെയ്യാനും ട്രക്കുകള്‍ പിടിച്ചെടുക്കാനും സമരത്തിന്റെ ഫണ്ടിങ് നിരോധിക്കാനുമുള്ള അധികാരം കൂടുതലായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടാവയിലെ റോഡുകളിലും കാനഡ-അമേരിക്ക അതിര്‍ത്തിയിലും സമരക്കാര്‍ തടസം സൃഷ്ടിക്കുന്നു എന്നാണ് സര്‍ക്കാര്‍ വാദം.

നേരത്തെ ട്രക്ക് നിരത്തിയുള്ള സമരരീതി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ട്വിറ്ററിലും ട്രൂഡോ ഇക്കാര്യം പങ്കുവെച്ചിരുന്നു.

കാനഡക്കാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അവരുടെ സര്‍ക്കാരുമായി വിയോജിക്കാനും സമരം ചെയ്യാനും അവരുടെ ശബ്ദം ഉയര്‍ത്താനുമുള്ള അവകാശമുണ്ട്.

ആ അവകാശം നമ്മള്‍ എന്നും സംരക്ഷിക്കും. എന്നാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെയും, ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും തടസപ്പെടുത്താനുള്ള അവകാശം സമരക്കാര്‍ക്കില്ല, എന്നായിരുന്നു ട്രൂഡോ ട്വീറ്റ് ചെയ്തത്.

കാനഡയില്‍ ആരംഭിച്ച ഫ്രീഡം കണ്‍വോയ് സമരങ്ങള്‍ ഇപ്പോള്‍ ഫ്രാന്‍സ് അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.


Content Highlight: Elon Musk tweets and deletes meme comparing Canada’s  Justin Trudeau to Hitler