ചരിത്രം കുറിച്ച് എലോണ്‍ മസ്‌ക്; ലോകത്തിലെ ആദ്യ ട്രില്യണയര്‍!
Trending
ചരിത്രം കുറിച്ച് എലോണ്‍ മസ്‌ക്; ലോകത്തിലെ ആദ്യ ട്രില്യണയര്‍!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th June 2026, 2:12 pm

ന്യൂയോര്‍ക്ക്: ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ പദവിയിലേക്ക് ഉയര്‍ന്ന് സ്പേസ് എക്സ് സി.ഇ.ഒ എലോണ്‍ മസ്‌ക്.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ മസ്‌കിന് സ്പേസ് എക്സിലും ടെസ്ലയിലുമുള്ള ഓഹരികളുടെ ആകെ മൂല്യം 1.1 ട്രില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നതായി ഫോര്‍ബ്സ് കണക്കാക്കുന്നു.

വിപണിയില്‍ 150 യു.എസ് ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്പേസ് എക്സ് ഓഹരികള്‍, ഉച്ചയ്ക്ക് 12:20 ഓടെ 166.90 ഡോളര്‍ വരെ ഉയര്‍ന്നു. ആദ്യ ദിനം ഏകദേശം 19 ശതമാനം നേട്ടത്തോടെയാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്.

മുന്‍കാല ഹൈ-പ്രൊഫൈല്‍ ലിസ്റ്റിങ്ങുകളെ എല്ലാം മറികടന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ എന്ന റെക്കോര്‍ഡാണ് സ്പേസ് എക്സ് സ്വന്തമാക്കിയത്. 2019-ല്‍ സൗദി അരാംകോ കുറിച്ച 29 ബില്യണ്‍ ഡോളറിന്റെയും, 2014-ല്‍ ആലിബാബ നേടിയ 25 ബില്യണ്‍ ഡോളറിന്റെയും, 2012-ല്‍ മെറ്റാ പ്ലാറ്റ്ഫോംസ് (ഫേസ്ബുക്ക്) സ്വന്തമാക്കിയ 16 ബില്യണ്‍ ഡോളറിന്റെയും റെക്കോര്‍ഡുകളാണ് ഇവിടെ തിരുത്തിക്കുറിക്കപ്പെട്ടത്. തങ്ങളുടെ പ്രധാന എതിരാളികളായ വിര്‍ജിന്‍ ഗാലക്റ്റിക് (576.9 മില്യണ്‍ ഡോളര്‍), 100 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബ്ലൂ ഒറിജിന്‍ എന്നിവയേക്കാള്‍ എത്രയോ മുകളിലാണ് ഇപ്പോള്‍ സ്പേസ് എക്സിന്റെ വിപണി മൂല്യം.

ആദ്യദിനത്തിലെ കുതിപ്പോടെ സ്പേസ് എക്സിന്റെ വിപണി മൂല്യം 2.18 ട്രില്യണ്‍ ഡോളറിലെത്തി. ഇതോടെ എന്‍വിഡിയ, ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നിവയ്ക്ക് തൊട്ടുപിന്നിലായി ലോകത്തിലെ ഏറ്റവും മൂല്യവത്തായ ആറാമത്തെ കമ്പനിയായി സ്പേസ് എക്സ് മാറി.

കാലിഫോര്‍ണിയയിലെ എല്‍ സെഗുണ്ടോയിലെ ഒരു ചെറിയ വെയര്‍ഹൗസില്‍ രണ്ട് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച കമ്പനിയുടെ ഈ വളര്‍ച്ച അവിശ്വസനീയമാണെന്ന് മസ്‌ക് പ്രതികരിച്ചു.

‘വെറും കുറച്ച് ബഹിരാകാശയാത്രികരെയല്ല, അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങളെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകാന്‍ സ്പേസ് എക്സിന് കഴിയണം.’ മസ്‌ക് പറഞ്ഞു.

സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം വലിയ സാമ്പത്തിക നഷ്ടങ്ങള്‍ക്കും പേരുകേട്ടതാണ് സ്പേസ് എക്സ്. 2023-ന്റെ തുടക്കം മുതലുള്ള 13 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ, 2025-ന്റെ ആരംഭം മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മാത്രം കമ്പനിക്ക് 8.7 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. എങ്കിലും നിക്ഷേപകര്‍ കമ്പനിയില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി കമ്പനിക്ക് ഇനിയും കോടിക്കണക്കിന് ഡോളര്‍ ആവശ്യമുണ്ട്. പത്ത് ലക്ഷം ജനവാസമുള്ള ഒരു ചൊവ്വാ കോളനി സ്ഥാപിക്കുക, ബഹിരാകാശത്ത് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ച് കൃത്രിമ ബുദ്ധി ശക്തിപ്പെടുത്തുക, ഈ രംഗത്തെ എതിരാളികളായ ആന്ത്രോപിക്, ഓപ്പണ്‍ എഐ എന്നിവയെ മറികടക്കുക തുടങ്ങിയവയാണ് കമ്പനിയുടെ വരുംകാല പദ്ധതികള്‍. ഈ വര്‍ഷം വിപണിയിലെത്താന്‍ പോകുന്ന മൂന്ന് മെഗാക്യാപ്പ് കമ്പനികളില്‍ ആദ്യത്തേതാണ് സ്പേസ് എക്സ്. ആന്ത്രോപിക്കും ഓപ്പണ്‍ എഐയുമാണ് അടുത്തതായി വിപണിയിലെത്തുക.

എന്നാല്‍, സ്പേസ് എക്‌സിന്റെ വിപണി മൂല്യം അമിതമായി പെരുപ്പിച്ചു കാട്ടിയതാണെന്ന് പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ‘മോണിങ്സ്റ്റാര്‍’ ചൂണ്ടിക്കാണിക്കുന്നു. കമ്പനിയുടെ യഥാര്‍ത്ഥ മൂല്യം 780 ബില്യണ്‍ ഡോളര്‍ മാത്രമാണെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

മസ്‌കിന്റെ വന്‍ സമ്പത്ത് അമേരിക്കയിലെ തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയുടെ പ്രതീകമാണെന്ന് സെനറ്റര്‍ എലിസബത്ത് വാറനും വിമര്‍ശിച്ചു. റോ ഖന്ന, ബെര്‍ണി സാന്‍ഡേഴ്‌സ്, ഗ്രഹാം പ്ലാറ്റ്‌നര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും രാജ്യത്തെ സമ്പത്ത് വ്യവസ്ഥയിലെ വലിയ വിടവിനെതിരെ രംഗത്തുവന്നു.

മുന്‍പ് ടെസ്ലയില്‍ നിന്നുള്ള മസ്‌കിന്റെ ശമ്പള പാക്കേജ് വത്തിക്കാന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടത്തില്‍ പങ്കുവഹിച്ചതും, റെഗുലേറ്റര്‍മാരുമായുള്ള തര്‍ക്കങ്ങളും ഓഹരി ഉടമകളില്‍ ആശങ്ക ഉണ്ടാക്കിയിരുന്നുവെങ്കിലും 2010-ല്‍ പബ്ലിക് ആയതിനുശേഷം ടെസ്ല നിക്ഷേപകര്‍ക്ക് നല്‍കിയ 20,000 ശതമാനത്തിലധികം റിട്ടേണ്‍ (1.2 ട്രില്യണ്‍ ഡോളര്‍) മസ്‌കിന് വലിയ പിന്തുണയാണ് നല്‍കിയത്.

സിപ്2 (Zip2), പേപാല്‍ എന്നീ കമ്പനികള്‍ വിറ്റ് ലഭിച്ച 200 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചാണ് മസ്‌ക് സ്പേസ് എക്സും ടെസ്ലയും കെട്ടിപ്പടുത്തത്. വിപണി നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് 15 ദിവസത്തിനകം സൂചികകളുമായി ബന്ധിപ്പിച്ച ഫണ്ടുകളിലേക്ക് പ്രവേശിക്കാന്‍ നാസ്ഡാക്ക് സ്പേസ് എക്സിന് അനുമതി നല്‍കിയിട്ടുണ്ട്.

Content Highlight: Elon Musk enters history books as the world’s first trillionaire