സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം ഈ മാസമാദ്യം ദല്‍ഹിയില്‍ നടന്നിരുന്നു. 10-11 ദിവസങ്ങള്‍ക്കുള്ളില്‍ എസ്.ഐ.ആര്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് അന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്.
പിന്നീട് സെപ്റ്റംബര്‍ മുപ്പത് എന്ന തീയതി കമ്മീഷന്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു.
അതത് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ നടപ്പിലാക്കിയതിന് ശേഷം അവസാനമായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക കൈവശം വെയ്ക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ പരിശോധന നടത്തി വെബ്‌സൈറ്റുകളില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ വോട്ടര്‍പട്ടികകളില്‍ തീവ്രപുനപരിശോധന നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓരോ വീട്ടിലും കയറിയിറങ്ങി പുതിയ വോട്ടര്‍പട്ടിക തയ്യാറാക്കുമെന്നാണ് ഖേല്‍ക്കര്‍ അറിയിച്ചത്.
ഇതിനായി പാലക്കാട് പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ബി.എല്‍.ഒമാര്‍ക്ക് ബോധ്യപ്പെട്ടാല്‍ മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ഓണ്‍ലൈനായും പരിശോധന നടത്താമെന്നും ഖേല്‍ക്കര്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാാസത്തോളമെടുക്കുമെന്ന് ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. 2002 മുതല്‍ വോട്ടര്‍ പട്ടികയിലുള്ളവരും എന്യുമറേഷന്‍ ഫോമില്‍ ഒപ്പുവെക്കണമെന്നും പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും വോട്ട് നീക്കം ചെയ്യില്ലെന്നും ഖേല്‍ക്കര്‍ പറഞ്ഞു.