കള്ളവോട്ട് ശരിക്കും സത്യമാണ്
ജിതിന്‍ ടി പി
ആരോപണപ്രത്യാരോപണങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ കള്ളവോട്ടില്‍ മലക്കംമറിയുമ്പോള്‍ കള്ളവോട്ടിന്റെ ചരിത്രമെന്താണെന്നും ഓപ്പണ്‍വോട്ടെന്താണെന്നും അറിയേണ്ടതുണ്ട്.

നാധിപത്യത്തിന്റെ ഉത്സവമെന്നാണ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ പൗരന്‍മാര്‍ തങ്ങളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനായി ചൂണ്ടുവിരലില്‍ മഷി പുരട്ടുമ്പോള്‍ അതിലൂടെ നിര്‍ണയിക്കപ്പെടുന്നത് തന്റെ തന്നേയും മൊത്തം രാജ്യത്തിന്റേയും ഭാവിയാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കള്ളവോട്ട് വാര്‍ത്തയിലൂടെ പുറത്തുവന്നത്.

ഇതാദ്യമായാണോ കേരളത്തില്‍ കള്ളവോട്ട് പരാതി ഉയരുന്നത്. അല്ല, തെരഞ്ഞെടുപ്പിനോളം തന്നെ പഴക്കമുണ്ട് കള്ളവോട്ടിനും എന്ന് പറയുന്നതില്‍ അതിശയോക്തിയുടെ ആവശ്യമില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 32-ാം വകുപ്പനുസരിച്ച് കള്ളവോട്ട് ചെയ്യുന്നത് 2 വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന അടക്കമുള്ള 171 ഡി എഫ് വകുപ്പനുസരിച്ച് ഒരു വര്‍ഷം ശിക്ഷയും ശിക്ഷയുണ്ട്. കേരളത്തില്‍ സമാനമായ നിരവധി പരാതികളുയര്‍ന്നിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ട കേസുകളുണ്ടായിട്ടില്ല.

കള്ളവോട്ട് ആരോപണം തെളിയിച്ച് തോറ്റിട്ടും നിയമസഭാംഗമായ ചരിത്രവും കേരളത്തിന് അവകാശപ്പെടാനുണ്ട്.

അതാത് പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ട് നടത്തുന്നതില്‍ കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ക്ക് യാതൊരു മടിയുമുണ്ടായിട്ടില്ല. ഒരു പരിധി വരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടുതാനും.

1991ല്‍ എടക്കാട് നിയമസഭാമണ്ഡലത്തില്‍ 219 വോട്ടിന് യു.ഡി.എഫിന്റെ കെ.സുധാകരന്‍ തോറ്റിരുന്നു. സി.പി.ഐ.എം. കള്ളവോട്ട് ചെയ്തുവെന്ന് കേസ് കൊടുക്കുകയും 1992-ന് സുധാകരന് അനുകൂലമായി ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1992 മുതല്‍ എടക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ സുപ്രീം കോടതിയെ സമീപിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.ഭരതന് അനുകൂലമായി 1996-ല്‍ വിധി വരുകയും എം.എല്‍.എ സ്ഥാനം തിരികെ ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ കള്ളവോട്ട് എന്ന ചര്‍ച്ച മുഖ്യധാരയിലേക്ക് വന്ന സംഭവമായിരുന്നു ഇത്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ പെട്ട ഉദുമയില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റ കെ സുധാകരനെതിരെ കള്ളവോട്ടിന് ആഹ്വാനം ചെയ്തതെന്നതിന്റെ പേരില്‍ ഒരു കേസ് ഫയല്‍ ചെയ്യപ്പെട്ടിരുന്നു. സുധാകരന്‍ തോറ്റതോടെ കേസ് നിര്‍ജ്ജീവമായി.

അതേ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത് യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനെതിരെ ആയിരുന്നു. കേവലം 89 വോട്ടിനായിരുന്നു അന്ന് സുരേന്ദ്രന്റെ തോല്‍വി.

മരിച്ചുപോയവരുടെയും നാട്ടില്‍ ഇല്ലാത്തവരുടെയും വോട്ട് രേഖപ്പെടുത്തിയാണ് യു ഡി എഫിന്റെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി ബി അബ്ദുല്‍ റസാഖ് വിജയിച്ചതെന്നായിരുന്നു ആരോപണം.പിന്നീട് ഈ കേസില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ പ്രതിസ്ഥാനത്തായിരിക്കുന്നത് സി.പി.ഐ.എമ്മാണ്. സി.പി.ഐ.എമ്മിന്റെ പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

തങ്ങള്‍ക്കു ഉചിതമെന്നു തോന്നുന്ന ഘട്ടങ്ങളില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ക്കപ്പുറം കള്ളവോട്ട് എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ് എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇത്.

കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് ആരോപണത്തെ ഓപ്പണ്‍ വോട്ട് എന്ന് പറഞ്ഞാണ് പ്രതിരോധിക്കുന്നത്. എന്നാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ഓപ്പണ്‍ വോട്ട് എന്നൊരു പദം ഇല്ല. ശാരീരിക അവശത മൂലം സ്വയം വോട്ട് ചെയ്യാനാകാത്ത സാഹചര്യത്തില്‍ മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തുന്നതിനെ കംപാനിയന്‍ വോട്ട് എന്നാണ് പറയുന്നത്. ഇത് കാലാകാലങ്ങളായി നമ്മുടെ നാട്ടില്‍ ഓപ്പണ്‍ വോട്ട് എന്നാണ് അറിയപ്പെടുന്നത്. എങ്ങനെയാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്? നമുക്ക് നോക്കാം…

കംപാനിയന്‍ വോട്ട് ആര്‍ക്കൊക്കെ?

വാര്‍ദ്ധക്യസഹജമായ അവശത, അന്ധത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് കംപാനിയന്‍ വോട്ട് അഥവാ ഓപ്പണ്‍ വോട്ട് എന്ന സൗകര്യം പ്രയോജനപ്പെടുത്താം. കാഴ്ചയില്ലാത്തതിനാല്‍ ചിഹ്നം തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്കും വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കാത്തവര്‍ക്കും വോട്ടിങ് യന്ത്രത്തിനടുത്തേക്ക് എത്താന്‍ സാധിക്കാത്തവര്‍ക്കും പോളിങ് ബൂത്തില്‍ സഹായം തേടാം.

കംപാനിയന്‍ വോട്ട് എങ്ങനെ?

കംപാനിയന്‍ വോട്ട് വിവരം പ്രിസൈഡിങ് ഓഫീസറെ അറിയിച്ച്, അതിനുള്ള ഫോം(ഫോറം 14A) പൂരിപ്പിച്ചുനല്‍കണം. ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് യഥാര്‍ഥ വോട്ടര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യാനാകില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ സ്വയം ബോധ്യപ്പെടണം. കംപാനിയന്‍ വോട്ട് ചെയ്യുന്നയാളുടെ വിലാസവും, എത്രാമത്തെ ബൂത്തിലെ വോട്ടറാണെന്നുമുള്ള വിവരം ഫോമില്‍ സത്യപ്രസ്താവനയായി നല്‍കണം.

കംപാനിയന്‍ വോട്ട് ചെയ്യുന്നയാളുടെ വലത് ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. യഥാര്‍ഥ വോട്ടറുടെ ഇടതു ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരാള്‍ക്ക് ഒരു കംപാനിയന്‍ വോട്ട് മാത്രമെ ചെയ്യാനാകൂ. കംപാനിയന്‍ വോട്ട് ചെയ്തവര്‍ ആര്‍ക്കാണ് രേഖപ്പെടുത്തയതെന്ന വിവരം രഹസ്യമായി സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് സഹായിയായി വോട്ട് ചെയ്യാനാകില്ല.

ആരോപണപ്രത്യാരോപണങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ കള്ളവോട്ടില്‍ മലക്കംമറിയുമ്പോള്‍ കള്ളവോട്ടിന്റെ ചരിത്രമെന്താണെന്നും ഓപ്പണ്‍വോട്ടെന്താണെന്നും അറിയേണ്ടതുണ്ട്.

കള്ളവോട്ടിന് പരസ്യമായി ആഹ്വാനം ഉന്നയിച്ച കെ.സുധാകരനും കള്ളവോട്ടിനെ ഓപ്പണ്‍വോട്ടായി ന്യായീകരിക്കുന്ന കോടിയേരി ബാലകൃഷ്ണനും ചെയ്യുന്ന പ്രവൃത്തി ഒരുപോലെ ശിക്ഷാര്‍ഹമാണ്.

ഇ- ബാലറ്റും വെബ്കാസ്റ്റിങ്ങും വിവിപാറ്റുമൊക്കെയായി തിരെഞ്ഞെടുപ്പ് സംവിധാനം ആകെ മാറിയിട്ടുണ്ടെങ്കിലും കള്ളവോട്ട് എന്ന ഒഴിയാബാധ ഇപ്പോഴും നമ്മുടെ തിരെഞ്ഞെടുപ്പ് പ്രക്രിയയെ വിടാതെ പിടികൂടിയിരിക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ഥിക്കു വിജയം ഉറപ്പുവരുത്തുക എന്നതും പരമാവധി ഭൂരിപക്ഷം ഉറപ്പുവരുത്തുക എന്നതുമാണ് കള്ളവോട്ടിന്റെ രാഷ്ട്രീയവും മനശാസ്ത്രവും.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.