ഓരോ വോട്ടും വിവേകപൂര്‍വം ഉപയോഗിക്കൂ; പ്രജ്ഞാ സിങ് ഠാക്കൂര്‍ പശുവിനെ തലോടുന്ന വീഡിയോ ഷെയര്‍ ചെയ്ത് പരിഹാസവുമായി റോബര്‍ട്ട് വദ്ര 
D' Election 2019
ഓരോ വോട്ടും വിവേകപൂര്‍വം ഉപയോഗിക്കൂ; പ്രജ്ഞാ സിങ് ഠാക്കൂര്‍ പശുവിനെ തലോടുന്ന വീഡിയോ ഷെയര്‍ ചെയ്ത് പരിഹാസവുമായി റോബര്‍ട്ട് വദ്ര 
ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 2:56 pm

ന്യൂദല്‍ഹി : മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ വീഡിയോ ഷെയര്‍ ചെയ്ത് വോട്ടര്‍മാര്‍ക്ക് നിര്‍ദേശവുമായി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്ര.

ഓരോ വോട്ടും വിവേകത്തോടെയും ബുദ്ധിപൂര്‍വവും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പശുവിനെ തലോടി അതിന്റെ ഗുണഗണങ്ങള്‍ വിവരിക്കുന്ന പ്രഞ്ഞ സിങ്ങിന്റെ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു വദ്ര.

” ഈ മഹത്തായ രാഷ്ട്രത്തിന്റെ ഭാവിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. വരുംതലമുറയുടെ ഭാവി കൂടി നമ്മുടെ കൈകളിലാണ്. നിങ്ങളുടെ ഓരോ വോട്ടും വിവേകത്തോടെ ഉപയോഗിക്കുക. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിറകോട്ടല്ല”- വദ്ര ട്വിറ്ററില്‍ കുറിച്ചു.

ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവികൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും എല്ലാ ദിവസവും അങ്ങനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാവുമെന്നും പ്രജ്ഞാ സിങ് പറയുന്ന വീഡിയോയായിരുന്നു വദ്ര ഷെയര്‍ ചെയ്തത്.

ഗോമൂത്രം കുടിച്ചാണ് തന്റെ കാന്‍സര്‍ മാറിയതെന്നും മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയ മരുന്നുകളേക്കാള്‍ ശക്തി പശു ഉത്പ്പന്നങ്ങള്‍ക്ക് ഉണ്ടെന്നുമുള്ള പ്രജ്ഞ സിങ്ങിന്റെ വാദത്തെ തള്ളിക്കൊണ്ടായിരുന്നു വദ്രയുടെ ട്വീറ്റ്.

ഗോമൂത്രം കുടിച്ചാണ് കാന്‍സര്‍ മാറിയതെന്ന പ്രജ്ഞയുടെ വാദത്തെ തള്ളി അവരെ ചികിത്സിച്ച ഡോക്ടര്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രജ്ഞ സിങ്ങിനെ മൂന്ന് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിയിരുന്നെന്നും ബ്രസ്റ്റ് കാന്‍സര്‍ ഭേദമായത് അതിന് ശേഷമാണെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാനുള്ള കാരണമെന്നായിരുന്നു ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പരാമര്‍ശം. ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രജ്ഞാ സിങ് പറഞ്ഞിരുന്നു.

രാജ്യത്ത് വിവിധയിടങ്ങളില്‍ പശുക്കളോടുള്ള പെരുമാറ്റം വേദനയുളവാക്കുന്നതാണെന്നും പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസിരിക്കാന്‍ പറ്റിയ ഇടമാണെന്നും ഠാക്കൂര്‍ പറഞ്ഞിരുന്നു.

മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാസിങിന് 2017ല്‍ ജാമ്യം ലഭിച്ചത് ആരോഗ്യ കാരണങ്ങളാലായിരുന്നു. ഭോപ്പാലില്‍ ദിഗ് വിജയ് സിങ്ങിനെതിരെയാണ് പ്രജ്ഞ സിങ് മത്സരിക്കുന്നത്