പൂര്‍ണമായും അസംബന്ധം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
പൂര്‍ണമായും അസംബന്ധം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th June 2025, 6:34 pm

ന്യൂദല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.

ആരോപണങ്ങളില്‍ ഇതിനുമുമ്പും വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മറുപടി നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാല്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ വസ്തുതകളെല്ലാം അവഗണിക്കപ്പെടുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

തെറ്റായ പ്രചരണം രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ച അവരുടെ ആയിരക്കണക്കിന് പ്രതിനിധികള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വോട്ടര്‍മാരില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തെന്ന ആരോപണം അസംബന്ധമാണ്. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ പ്രയത്‌നിക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.

അതേസമയം ബി.ജെ.പി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് അഞ്ച് ഘട്ടങ്ങളുള്ള ഒരു മാതൃകയാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി ഉപയോഗിച്ചതെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം.

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള പാനലിനെ പരിശോധിക്കല്‍, വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുക, വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക, ബി.ജെ.പി വിജയിക്കേണ്ട സ്ഥലത്ത് കൃത്യമായി വ്യാജ വോട്ടിങ് ലക്ഷ്യമിടുക, തെളിവുകള്‍ മറയ്ക്കുക തുടങ്ങിയ അഞ്ച് ഘട്ടങ്ങള്‍ ബി.ജെ.പി നടപ്പിലാക്കിയെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

ദി ഇന്ത്യന്‍ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ചെറിയ തോതിലുള്ള വഞ്ചനയെ കുറിച്ചല്ല താന്‍ പറയുന്നതെന്നും മറിച്ച് നമ്മുടെ ദേശീയ ഇന്‍സ്റ്റിറ്റിയൂഷനുകളെ പിടിച്ചെടുക്കുന്നതുള്‍പ്പെടെ വലിയ കൃത്രിമത്വത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിലുള്‍പ്പെടെ കൃത്രിമത്വം കാട്ടിയെന്നും വിജയം ലക്ഷ്യമിട്ട് ബി.ജെ.പി ഒത്തുകളിക്കുകയാണെന്നും സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിക്കുന്നുണ്ട്.

Content Highlight: Election Commission rejects Rahul Gandhi’s allegations related to Maharashtra elections