കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കിയതിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ
Kerala
കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കിയതിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2025, 3:30 pm

കണ്ണൂർ: കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കിയതിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ രത്തൻ യു ഖേൽക്കർ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് രത്തൻ യു ഖേൽക്കർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂർ മണ്ഡലത്തിലെ പതിനെട്ടാം ബൂത്തിലെ ഓഫീസർ അനീഷ് ജോർജ് (44) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. എസ്.ഐ.ആർ ജോലി സമ്മർദമായിരുന്നെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാർ പറഞ്ഞിരുന്നു.

ജോലി സമ്മർദമുണ്ടായിരുന്നെന്നും ബൂത്ത് ലെവൽ ഏജന്റിന്റെ സഹായമില്ലാതെ എസ്.ഐ.ആർ ജോലികൾ ചെയ്യേണ്ടിവന്നതായും ഇന്ന് രാവിലെ അനീഷ് പറഞ്ഞതായി സുഹൃത്തായ ഷിജു പറഞ്ഞു. ബി.എൽ.ഒ സ്ഥാനത്ത് നിന്നും മാറ്റാൻ അനീഷ് ആവശ്യപ്പെട്ടിരുന്നെന്നും ഷിജു കൂട്ടിച്ചേർത്തു.

എസ്.ഐ.ആർ ഫോം പൂരിപ്പിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അനീഷിന് ചില സമ്മർദമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി സി.പി.ഐ.എം രംഗത്തെത്തി.

തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർപട്ടിക പുതുക്കലും ഒരേസമയം നടത്തുന്നത് ജീവനക്കാർക്ക് സമ്മർദമുണ്ടാക്കുന്നുണ്ടെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പറഞ്ഞു.

Content Highlight: Election Commission officer seeks report from District Collector on BLO’s suicide in Kannur