ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള 11 പാര്‍ട്ടികളുടെത് ഉള്‍പ്പടെ രാജ്യത്തെ 474 രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത (രജിസ്റ്റേര്‍ഡ് അണ്‍റെക്കഗനൈസ്ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ്-ആര്‍.യു.പി.പി) പാര്‍ട്ടികള്‍ക്ക് എതിരെയാണ് നടപടി.
നേരത്തെ, 334 രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം ഓഗസ്റ്റ് ഒമ്പതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.
രണ്ടാംഘട്ടത്തിലാണ് 474 പാര്‍ട്ടികള്‍ക്കെതിരായ നടപടി. ഇതോടെ രണ്ട് മാസത്തിനിടെ 808 പാര്‍ട്ടികളുടെ അംഗീകാരമാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടികളോട് വിശദീകരണം തേടിയശേഷമാണ് തീരുമാനമെടുത്തത്.
തുടര്‍ച്ചയായി ആറ് വര്‍ഷത്തോളം ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികള്‍ക്ക് എതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനമെടുത്തത്.
അതേസമയം, പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതോടെ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിയും റദ്ദാക്കപ്പെടും. പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നഷ്ടമാകും.
പട്ടികയില്‍ നേരത്തെ 2,520 ആര്‍.യു.പി പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലോടെ ഇത് 2,046 ആര്‍.യു.പി പാര്‍ട്ടികളായി ചുരുങ്ങിയിട്ടുണ്ട്.