സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യം; കാസര്‍കോഡ് നാല് ബൂത്തുകളില്‍ റീ പോളിംഗ് ഉണ്ടായേക്കും
D' Election 2019
സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യം; കാസര്‍കോഡ് നാല് ബൂത്തുകളില്‍ റീ പോളിംഗ് ഉണ്ടായേക്കും
ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 10:59 am

കാസര്‍ഗോഡ്: കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടന്നേക്കാന്‍ സാധ്യത.

കല്യാശേരിയിലെ 19, 69, 70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് സധ്യതയുള്ളത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച റീപോളിംഗ് നടത്തിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായായിരിക്കും കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

കള്ളവോട്ട് നടന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികളും കലക്ടര്‍മാരുടെ അന്വേഷണ വിവരങ്ങളും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കമ്മീഷന് നല്‍കിയിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യു.പി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സി.പി.ഐ.എമ്മുകാരുമാണ്.

കള്ളവോട്ട് നടന്നുവെന്ന് ആരോപിക്കുന്ന ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, വെബ് ക്യാം ഓപ്പറേറ്റര്‍ എന്നിവരെ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.