ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ തിടുക്കമോ? മുഹമ്മദ് ഫൈസലിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍
national news
 ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ തിടുക്കമോ? മുഹമ്മദ് ഫൈസലിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2023, 5:34 pm

ന്യൂദല്‍ഹി: ലക്ഷദ്വീപ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത് അയോഗ്യനാക്കിയ എം.പി മുഹമ്മദ് ഫൈസലിന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കവെ.

മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഫെബ്രുവരി 27നാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. ത്രിപുരയില്‍ ഫെബ്രുവരി 16നാണ് പോളിങ്.

സാധാരണഗതിയില്‍ നിലവിലുള്ള ജനപ്രതിനിധി മരിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് പദവി നഷ്ടമാവുകയോ ചെയ്യുമ്പോള്‍ പരമാവധി ആറ് മാസത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. അതിനകത്ത് എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരമുണ്ടെന്ന ആമുഖത്തോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ തീയതികള്‍ പ്രഖ്യാപിച്ചത്.

എന്നാല്‍, സാങ്കേതികമായി കമ്മീഷന്റെ നടപടി ശരിയാണെങ്കിലും നിമയപരമായി തിടുക്കത്തിലുള്ള പ്രഖ്യാപനം ആശയക്കുഴപ്പുമുണ്ടാകുന്നുണ്ടെന്നാണ് പൊതുവായ വിമര്‍ശനം.

ഏതെങ്കിലും ഒരു ജനപ്രതിനിധി കുറ്റക്കാരനാണെന്ന് കണ്ടത്തി ശിക്ഷ വിധിച്ചാല്‍ അയോഗ്യനാകുമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റ് മുഹമ്മദ് ഫൈസല്‍ അയോഗ്യനാണെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എന്നാലിത് പരിഗണിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ നടത്തും എന്ന കീഴ്‌വഴക്കത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നുമാണ് കമ്മീഷന്റെ വാദം.

ആന്ത്രോത്ത് പൊലീസ് 2009ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസല്‍ അയോഗ്യനാകുന്നത്. മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവാണ് ശിക്ഷ.

കേസില്‍ ആകെ 32 പ്രതികളുണ്ട്. ഇതില്‍ രണ്ടാംപ്രതിയാണ് മുഹമ്മദ് ഫൈസല്‍. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം.

അതേസമയം, ഈയടുത്ത് യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ശിക്ഷിക്കപ്പെട്ട എസ്.പി നേതാവും എം.എല്‍.എയുമായ അസംഖാനെ ഇത്തരത്തില്‍ അയോഗ്യനാക്കുകയും, അസംഖാന്റെ അപ്പീല്‍ പോകവെ ഉപതെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

Content Highlight: Election Commission announces the date of the Lakshadweep Lok Sabha by-election while the High Court is hearing the appeal of disqualified MP Muhammad Faisal