ലാലിഗയില്‍ റയല്‍ ബെറ്റിസിന്റെ സമനിലയില്‍ തളച്ച് എല്‍ക്കെ. ഇന്ന് പുലര്‍ച്ചെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് എല്‍കെ സമനില നേടി ലീഗിലേക്കുള്ള തങ്ങളുടെ തിരിച്ച് വരവ് സൂപ്പറാക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് കളിക്കളത്തില്‍ നിന്ന് പിരിഞ്ഞത്.
മൈതാനത്ത് ഇറങ്ങി ആദ്യ നിമിഷം മുതല്‍ തന്നെ ഇരു ടീമിലെയും താരങ്ങള്‍ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. ആക്രമണങ്ങളുമായി ദി ഗ്രീന്‍ ആന്‍ഡ് വൈറ്റ്സ് എല്‍ക്കെ താരങ്ങളെ വെളളം കുടിപ്പിച്ചു. പക്ഷേ, അപ്പോഴും പന്തിന്റെ കയ്യടക്കം എല്‍ക്കേയായിരുന്നു.
എന്നാല്‍, മത്സരത്തില്‍ ആദ്യം പന്ത് വലയിലെത്തിച്ചത് ബെറ്റിസായിരുന്നു. 21ാം മിനിട്ടിലായിരുന്നു മത്സരത്തിലെ ആദ്യ ഗോളെത്തിയത്. ഐറ്റര്‍ റൂയിബലായിരുന്നു ബെറ്റിസിനായി ഗോള്‍ സ്‌കോര്‍ ചെയ്തത്. റോഡ്രിഗോ റിക്കല്‍മി നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. പിന്നാലെ, വലിയ മുന്നേറ്റങ്ങള്‍ ഒന്നുമില്ലാതെ ആദ്യ പകുതി അവസാനിച്ചു.
മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഇരു ടീമുകളും മാറ്റങ്ങള്‍ വരുത്തി. പുതിയ താരങ്ങള്‍ എത്തിയതോടെ ബെറ്റിസും എല്‍കെയും മുന്നേറ്റങ്ങള്‍ക്ക് വേഗത കൂട്ടി. അതുവരെ, ബെറ്റിസ്റ്റിന്റെ പ്രകടനങ്ങളില്‍ നിറം മങ്ങിയ എല്‍ക്കെയും ഗോളിനായി ശ്രമങ്ങള്‍ നടത്തി മൈതാനത്ത് കുതിച്ചു പാഞ്ഞു.
അങ്ങനെ, 81ാം മിനിട്ടില്‍ റയല്‍ ബെറ്റിസിനെ ഞെട്ടിച്ച് എല്‍ക്കെ പന്ത് വലയിലെത്തിച്ചു. സ്പാനിഷ് വിങ്ങര്‍ ജര്‍മന്‍ വലേറെയാണ് ടീമിനായി സമനില ഗോള്‍ നേടിയത്. പിന്നാലെ ലീഡ് നേടാനായി ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍, സമനില പൂട്ട് പൊളിക്കാന്‍ ഇരുവര്‍ക്കുമായില്ല. അതോടെ മത്സരത്തിന്റെ ഫൈനല്‍ വിസില്‍ റഫറി മുഴക്കിയപ്പോള്‍ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു.
ലീഗിലെ ആദ്യ മത്സരത്തില്‍ എല്‍ക്കെ 4 -3 -3 എന്ന ഫോര്‍മേഷനിലായിരുന്നു ഇറങ്ങിയത്. മത്സരത്തില്‍ 62 ശതമാനം പന്ത് കൈവശം വെച്ച് ആധിപത്യം നേടാന്‍ ടീമിനായി. പക്ഷേ ആര്‍ ഷോട്ടുകള്‍ മാത്രമേ ടീമിന് അടിക്കാനായുള്ളൂ.