മലയാളികളുടെ സാമൂഹിക സാംസ്‌ക്കാരിക സാമ്പത്തിക രംഗത്ത് മത്തി ഒരു നിര്‍ണായക ഘടകമാണ്. തുച്ഛമായ വിലയില്‍ ലഭ്യമാകുമെന്നത് തന്നെയാണ് മത്തിയുടെ വലിയ ഒരു പ്രത്യേകത. എന്നാല്‍ മുന്‍പുണ്ടായിരുന്നത്ര ലഭ്യത മത്തിയ്ക്ക് ഇപ്പോഴില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍.
വരും വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍ഐ) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായാണ് ഈ തരത്തില്‍ മത്തിയുടെ ലഭ്യത കുറയുന്നതെന്നാണ് പഠനം. എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം. എന്നാല്‍ ഇതില്‍ ചില ഭിന്നാഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്.
മത്തിയുടെ ഉല്‍പാദനത്തിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും എല്‍ നിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സി.എം.എഫ്.ആര്‍.ഐ.യിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം നിഗമനത്തിലെത്തിയിരുന്നു.
“”മത്തി(Indian Oil Sardine)യുടെ ഉത്പാദനത്തില്‍ വര്‍ഷങ്ങളായി ഏറ്റക്കുറച്ചിലുകള്‍ കാണാറുണ്ട്. ഏറ്റവും കുറവ് രേഖപ്പെടുത്തിയ വര്‍ഷം 1994 ആയിരുന്നു. അതിന് ശേഷം 2012 ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചു. എന്നാല്‍ അടുത്ത ഓരോ വര്‍ഷങ്ങളിലും മത്തി ലഭ്യതയില്‍ ഗണ്യമായി കുറവുണ്ടായി. 2016 ല്‍ വീണ്ടും വന്‍തോതില്‍ കുറഞ്ഞു. തുടര്‍ന്ന് പഠനവിധേയമാക്കിയതില്‍ നിന്നാണ് എല്‍ നിനോ പ്രതിഭാസത്തിന് ശേഷമാണ് മത്തിയുടെ ഉത്പാദനത്തില്‍ ഈ ഏറ്റക്കുറച്ചിലുകള്‍ വന്നത് എന്ന് മനസിലായി. എല്‍ നിനോ ഏറ്റവും കൂടുതലായി ബാധിച്ചത്
ചെയ്തത് കേരളത്തിന്റെ തീരത്താണ്. ഏറ്റക്കുറച്ചില്‍ കണ്ടതും കേരള തീരത്ത് തന്നെയായിരുന്നു.””- സി.എം.എഫ്.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം.അബ്ദുസ്സമദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. എല്‍നിനോ വീണ്ടും സജീവമായത് കഴിഞ്ഞ വര്‍ഷം (2018) മത്തിയുടെ ഉല്‍പാദനത്തില്‍ മാന്ദ്യം അനുഭവപ്പെടാനും കാരണമായെന്നും അദ്ദേഹം പറഞ്ഞു.
Dont Miss കേരളത്തിലെ തണുപ്പ് അത്രയ്ക്ക് റൊമാന്റിക്കല്ല
വരും നാളുകളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് രാജ്യാന്തര ഏജന്‍സിയായ അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസഫറിക് അഡ്മിനിസ്‌ട്രേഷന്‍ ഡിസംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്‍നിനോ ശക്തിയാര്‍ജ്ജിക്കുന്നതോടെ 2019ല്‍ താപനിലയില്‍ വര്‍ധനവുണ്ടാകും. ലോക കാലാവസ്ഥാ സംഘടനയും ദേശീയ കാലാവസ്ഥാ വകുപ്പും ഇക്കാര്യം (ഐ.എം.ഡി) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വരും വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടായേക്കുമെന്ന് സി.എം.എഫ്.ആര്‍.ഐ മുന്നറിയിപ്പ് നല്‍കുന്നത്.
എല്‍നിനോ പ്രതിഭാസം മത്തിയുടെ വളര്‍ച്ചയെയും പ്രത്യുല്‍പാദന പ്രക്രിയയെും സാരമായി ബാധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പോകാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സി.എം.എഫ്.ആര്‍.എ റിപ്പോര്‍ട്ടിനെ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഈ മേഖലയിലെ ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
“”2016 ല്‍ സി.എം.എഫ്.ആര്‍.ഐ മത്തിയെ സംബന്ധിച്ച് സമഗ്രമായ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആ റിപ്പോര്‍ട്ടില്‍ മത്തിയുടെ കുറവിനെ സംബന്ധിച്ച് കണക്കുകള്‍
നിരത്തിയിരുന്നു. എന്നാല്‍ 2016 ലെ ഈ ഗൗരവമായ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക്
എതിരായിട്ടാണ് 2017 ല്‍ സംഭവിച്ചത്””-സിറ്റിസണ്‍ സൈന്റിസ്റ്റും ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് (എഫ്.എം.എല്‍) സ്ഥാപകനുമായ റോബര്‍ട്ട് എഫ്.എം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“”കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് മത്തിയെപ്പോലുള്ള മത്സ്യങ്ങളുടെ അളവില്‍ കുറവ് ഉണ്ടാകുമെന്ന് സമുദ്രാശാസ്ത്രത്തിന്റെ ബാലപാഠം അറിയുന്ന എല്ലാവരും പറയാവുന്ന കാര്യമാണ്. പക്ഷേ 2016 ല്‍ സി.എം.എഫ്.ആര്‍.ഐ ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ 2017 ല്‍ ലഭ്യത കൂടുമെന്ന് അവര്‍ പറഞ്ഞിരുന്നില്ല. പക്ഷേ ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈയൊരു പ്രതിഭാസത്തിന്റെ പേരില്‍ ലഭ്യത കുറയുമെന്ന് പറയുമ്പോള്‍ കാത്തിരുന്ന് കാണാം എന്ന് മാത്രമേ പറയാന്‍ കഴിയുള്ളൂ””- അദ്ദേഹം വിശദീകരിക്കുന്നു.
“”അതുമാത്രമല്ല ഈ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ കടലിലെ മത്സ്യങ്ങളുടെ ലഭ്യതയുടെ കണക്ക് എടുക്കുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അനുഭവത്തില്‍, ചുവന്ന കോര
എന്ന് അറിയപ്പെടുന്ന ചുവന്ന മത്സ്യം ഏറ്റവും കൂടുതല്‍ ലഭിച്ചത് 2016 ല്‍ ആയിരുന്നു . അതുപോലെ ചൂട ഏറ്റവും കൂടുതല്‍ ലഭിച്ചത് 2017 ല്‍ ആയിരുന്നു.
അതാത് വര്‍ഷങ്ങളില്‍ ലഭിക്കുന്ന സമുദ്രവിഭവങ്ങളുടെ കണക്ക് എടുത്തിട്ട് അടുത്ത വര്‍ഷം അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ വരും വര്‍ഷങ്ങളില്‍ സമുദ്രസമ്പത്തിന് എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന് പ്രവചിക്കാന്‍ പറ്റിയാല്‍ നല്ലത്. സമൂഹത്തിന് അത് ഗുണംചെയ്യും. നാളിതുവരെയുള്ള അനുഭവത്തില്‍ അങ്ങനെ ഉണ്ടായിട്ടില്ല.”” – റോബര്‍ട്ട് പറയുന്നു.
എല്‍നിനോ മത്തിയെ മാത്രമല്ല ബാധിക്കുന്നതെന്നും സമുദ്രത്തിലെ എല്ലാ ജീവജാലങ്ങളേയും ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ജലത്തെ അരിച്ചുപെറുക്കി ഭക്ഷണമാക്കുന്ന എല്ലാത്തിനേയും ബാധിക്കും. നമ്മുടെ പഠനങ്ങള്‍ എല്ലായ്‌പ്പോഴും മനുഷ്യകേന്ദ്രീകൃതമാണ്. എത്രയോ ജീവജാലങ്ങള്‍ കടലിലുണ്ട്. ആ ജീവജാലങ്ങളെ ബാധിക്കുന്നതുപോലെ മീനുകളേയും ബാധിക്കും.
ചാള മത്സ്യത്തിന്റെ പതിറ്റാണ്ടുകളുടെ കണക്ക് എടുക്കുമ്പോള്‍ നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ പെട്ടെന്ന് കുറയും. അത് കഴിയുമ്പോള്‍ വീണ്ടും കൂടും. ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാല്‍ കടലിലെ എന്ത് കാര്യം വന്നാലും നേരെ കാലാവസ്ഥാ വ്യതിയാനത്തെ പഴിചാരി റിപ്പോര്‍ട്ട് വരും. ഈ റിപ്പോര്‍ട്ടിനെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഇത് കുറച്ചുകൂടി ശാസ്ത്രീയമാകണമെന്നാണ്. -റോബര്‍ട്ട് എഫ്.എം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മത്തി പോകുന്ന വഴിയേ മത്സ്യത്തൊഴിലാളികളും
മത്സ്യങ്ങള്‍ പോകുന്ന വഴി നമ്മുടെ മത്സ്യത്തൊഴിലാളികളും പോകും. നേരത്തെ പത്ത് നോട്ടിക്കല്‍ മൈലിനുള്ളില്‍ ലഭ്യമായിരുന്ന മത്തി ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ നോട്ടിക്കല്‍ മൈല്‍ ദൂരം പോയിക്കാണുമെന്നുമാണ് കോസ്റ്റല്‍ ഏരിയ സ്‌പെഷ്യലിസ്റ്റ് ജോണ്‍സണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
“” കടലിന് ചൂട് കൂടുന്നു എന്നത് വാസ്തവമാണ്. അതാണ് സി.എം.എഫ്.ആര്‍.ഐ എല്‍ നിനോയുമായി കണക്ട് ചെയ്ത് പറയുന്നത്. സ്വാഭാവികമായും നമ്മുടേത് ഉഷ്ണ മേഖലആണ്. അവിടെ തീക്ഷണത കുറഞ്ഞ കാലാവസ്ഥയാണ്. മത്തിക്ക് അനുയോജ്യമായ ഒരു കാലാവസ്ഥയാണ് നമുക്ക് ഉണ്ടായിരുന്നത്. കടലിലെ ചൂടിന് ഇപ്പോള്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വളരെ അടുത്തായി ലഭ്യമായിരുന്ന മത്സ്യങ്ങള്‍ ഉള്ളിലേക്ക്
പോയിട്ടുണ്ട്””- അദ്ദേഹം വിശദീകരിക്കുന്നു.

ഇവ നമ്മുടെ കടലില്‍ നിന്ന് പൂര്‍ണമായി അപ്രത്യക്ഷമായോ അതോ ദേശാന്തര ഗമനം നടത്തിയോ
എന്ന് നമുക്ക് അറിയില്ല. അങ്ങനെ പറയാന്‍ കാരണം, രണ്ട് വര്‍ഷം മുന്‍പ് സി.എം.എഫ്.ആര്‍.ഐ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. മത്തിയ്ക്ക് വംശനാശ ഭീഷണി വന്നെന്ന രീതിയിലായിരുന്നു ആ റിപ്പോര്‍ട്ട്. അതിന് ശേഷവും മത്തി ലഭ്യമായിട്ടുണ്ട്.
അവര്‍ പറയുന്ന ശാസ്ത്രം ശരിയാണ്. ചൂടുകൂടുന്നത് കൊണ്ട് സ്വാഭാവികമായ ആവാസ ഇടങ്ങളില്‍ നിന്നും മത്സ്യങ്ങള്‍ അവര്‍ക്ക് പറ്റുന്ന ആവാസ ഇടങ്ങളിലോട്ട് മാറിപ്പോകുന്നുണ്ട്.
ഇത്രയും കാലം ഉണ്ടായിരുന്ന സ്വാഭാവിക ഇടങ്ങളില്‍ അത് ഇനി ഉണ്ടാവില്ല. അതിന് കുറവ് സംഭവിക്കും.
മത്തി എവിടേയ്ക്കാണ് പോയിരിക്കുന്നത്, അത് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തുമോ, അത്രയും ദൂരം പോയി മത്സ്യബന്ധനത്തിന് അവര്‍ക്ക് കഴിയുമോ എന്നതും കൂടി ആശ്രയിച്ചാണ് ഇതിന്റെ ലഭ്യതയെ കുറിച്ച് പറയാന്‍ കഴിയുള്ളൂ. ഇത് യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കപ്പാസിറ്റിയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇരിക്കുന്നത്.
മത്തി കുറഞ്ഞാല്‍ മലയാളിക്കെന്ത് ?
ലോകത്തില്‍ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടല്‍ മത്സ്യങ്ങള്‍ ആണ് മത്തി. സാധാരണക്കാരുടെ മത്സ്യം എന്ന അര്‍ത്ഥത്തില്‍ ഇത് “പാവപ്പെട്ടവന്റെ മത്സ്യം” എന്നറിയപ്പെടുന്നു. മലയാളികളിലെ സാധാരണക്കാരന്റേയും പോഷക കുറവ് ഒരു പരിധി വരെ പരിഹരിക്കപ്പെടുന്നത് മത്തിയിലൂടെയാണ്.
വൈറ്റമിന്‍ എ, ഡി, ബി 12 എന്നിവ മത്തിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അല്‍ഷൈമേഴ്സ് രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു.
ഒമേഗ-3 കൂടാതെ ജീവകം ഡി, കാല്‍സ്യം, ബി 12, മാംസ്യം എന്നിവയും മത്തിയില്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം സാധാരണ കഴിക്കുന്ന മത്തിയില്‍ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നു.

ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്റെ പ്രശ്നം 20 ശതമാനത്തോളം കുറവാണെന്നാണ് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയത്. ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എല്ലിന്റെയും പല്ലിന്റെയും ഉറപ്പിന് ഇവ രണ്ടും അത്യാവശ്യമാണ്. പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ ഉറപ്പു കുറയുന്ന ഒരുതരം രോഗം) തടയാനും സഹായിക്കുന്നു
വന്‍കുടലിലെ കാന്‍സറിന് കാരണമാകുന്ന ഒരു ജനിതക വസ്തുവിനെതിരെ പ്രവര്‍ത്തിക്കാനുള്ള ഒമേഗാ3 ഫാറ്റി ആസിഡിന്റെ കഴിവുകൊണ്ട് ഇത്തരം കാന്‍സര്‍ നിരക്ക് കുറയ്ക്കാനും ഈ ചെറുമത്സ്യം സഹായിക്കുന്നു.
ഇംഗ്ലീഷില്‍ സാര്‍ഡൈന്‍ (Sardine), പ്ലിച്ചാര്‍ഡ് (pilchard) എന്നറിയപ്പെടുന്നു. സാര്‍ഡിനിയ ദ്വീപിനു സമീപം ഇവയെ കണ്ടെത്തിയത് കൊണ്ടാണ് ഇവക്ക് സാര്‍ഡൈന്‍ എന്ന പേര് വരാന്‍ കാരണം.
ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ തീരത്താണ്. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്.
