പ്രേക്ഷക പ്രശംസ നേടിയ കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം സന്ദീപ് പ്രദീപിനെ നായകനാക്കി ദിന്‍ജിത്ത് നാരായണന്‍ സംവിധാനം ചെയ്ത ‘എക്കോ’ ക്ക് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. വിനീത്, നരേന്‍, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു
പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം താരത്തിന്റെ കരിയറില്‍ സുപ്രധാനമാകുമെന്നതില്‍ സംശയമില്ല. മലയാള സിനിമയിലെ വരും കാല സൂപ്പര്‍താരമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്ന സന്ദീപിന്റെ അഭിനയത്തെ പ്രശംസിക്കുകയാണ് സീനിയര്‍ താരങ്ങളായ വിനീതും, നരേനും, ബിനു പപ്പുവും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുുകയായിരുന്നു ഇവര്‍.
‘സന്ദീപിന്റെ മുന്‍ചിത്രങ്ങള്‍ നോക്കിയാലറിയാം വളരെയധികം കഴിവുകള്‍ ലഭിച്ച ആളായതു കൊണ്ടാണ് പടക്കളത്തിലേത് പോലുള്ള കഥാപാത്രങ്ങള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞത്. സിനിമ ചെയ്യുമ്പോഴുള്ള സന്ദീപിന്റെ ഫോക്കസും അച്ചടക്കവും എടുത്തുപറയേണ്ടതാണ്. ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും ഇത് രണ്ടും പ്രധാനപ്പെട്ട കാര്യമാണ്. ഓരോ സീനിലും നല്‍കുന്ന ഒബ്സര്‍വേഷന്‍ സന്ദീപിലെ നടനെ മെച്ചപ്പെടുത്തുന്നു’ വിനീത് പറഞ്ഞു.
‘സന്ദീപ് ചെയ്ത ചിത്രങ്ങളെ വച്ചു നോക്കുമ്പോള്‍ ഇത് തീര്‍ച്ചയായും അടുത്ത സ്റ്റെപ്പാണ്. വളരെ ഇന്റന്‍സായ കഥാപാത്രമാണ് എക്കോയില്‍ ഇയാള്‍ ചെയ്തിരിക്കുന്നത്. ഒരു നടനെന്ന നിലയില്‍ സന്ദീപിനെ വിലയിരുത്താന്‍ പറ്റുന്ന ചിത്രമായിരിക്കുമെന്നതില്‍ സംശയമില്ല’ നരേന്‍ പറയുന്നു.
ഓരോ സീനും ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ഏത് രീതിയിലാണ് ഡയലോഗ് പറയുന്നതെന്ന് തന്നോട് ചര്‍ച്ച ചെയ്യാറുണ്ടെന്നും, സന്ദീപിന്റെ ഈ മൈന്‍ഡ് സെറ്റ് സിനിമക്കും കൂടെ അഭിനയിക്കുന്നവര്‍ക്കും ഗുണകരമാണെന്നും ബിനു പപ്പു പറഞ്ഞു. പടക്കളം സിനിമയില്‍ ആദ്യപകുതിയില്‍ പാവത്താനെ പോലെ പെരുമാറി രണ്ടാം പകുതിയില്‍ ഷറഫുദ്ധീന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തത് മികച്ച രീതിയിലാണെന്നും താരം പറഞ്ഞു.
2018 ല്‍ പതിനെട്ടാം പടിയിലൂടെ അരങ്ങേറ്റം കുറിച്ച സന്ദീപ് 2023 ല്‍ ബേസില്‍ ജോസഫ് നായകനായ ‘ഫാലിമി’ യിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്.
Content Highlight: Eko team appreciating Sandeep Pradeep’s performance