താന്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ചിത്രങ്ങളില്‍ നൂതന സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉള്‍പ്പെടെ ഉപയോഗിക്കാറുണ്ടെന്ന് എക്കോ സിനിമയുടെ എഡിറ്ററായ ഇ.എസ് സൂരജ്. എക്കോ സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂരജ്.
എ.ഐ കാരണം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്നും പകരം ജോലി കൂടുതല്‍ എളുപ്പമാവുകയാണ് ചെയ്യുകയെന്നും അഭിമുഖത്തില്‍ സൂരജ് പറഞ്ഞു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ എഡിറ്റിങ്ങിന് ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സൂരജിന് ലഭിച്ചിരുന്നു.
‘ഈയടുത്തിടെയായി എ.ഐയെ എങ്ങനെയാണ് നമ്മുടെ തൊഴിലില്‍ ഉള്‍പ്പെടുത്താന്‍ പറ്റുക എന്നതിനെക്കുറിച്ച് പഠിക്കാറുണ്ട്. വി.എഫ്.എക്സിനായാലും വീഡിയോ ജനറേഷനായാലും ഇന്ന് വളരെ എളുപ്പമാണ്. ആദ്യം നമ്മള്‍ സ്റ്റോക്ക് ഷോട്ടിലൊക്കെ കയറി നോക്കി തിരയുന്നതിന് പകരം ഇപ്പോള്‍ ഒരു പ്രോംപ്റ്റ് കൊടുത്താല്‍ നമുക്ക് പെട്ടെന്ന് തന്നെ വീഡിയോ കിട്ടും.
എക്കോ സിനിമയില്‍ നിന്നുള്ള രംഗം Photo: Screen Grab/Eko Trailer
വി.എഫ്.എക്സ് ചെയ്യുന്ന സമയത്തെല്ലാം നല്ലതുപോലെ ഇപ്പോള്‍ എ.ഐ ഉപയോഗിക്കാറുണ്ട്. പണ്ട് നമ്മള്‍ ദിവസങ്ങളെടുത്ത് ചെയ്ത ജോലികളെല്ലാം ഇപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റുന്നുണ്ട്.
ഒരു മലയുടെ മുകളില്‍ നിന്നും ഒരു പാറ ഉരുണ്ടു വരുന്ന സി.ജി.സീനാണെങ്കില്‍ അതിന്റെ ഡൈനാമിക്സും മൂവ്മെന്റുമെല്ലാം ശരിയായി കിട്ടണമെങ്കില്‍ ഒരുപാട് സമയം പിടിക്കും. പക്ഷേ ഇന്ന് ഇത് ചെയ്യാന്‍ വളരെ എളുപ്പമാണ്.’ സൂരജ് പറയുന്നു.
കംപ്യൂട്ടര്‍ വന്നാല്‍ മനുഷ്യന്റെ ജോലി പോവുമെന്ന് ഒരുപാട് പേര് പറഞ്ഞിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ലല്ലോ. അതുപോലെ തന്നെയായിരിക്കും എ.ഐയും, അവതാറില്‍ ഡ്രാഗണെ മെരുക്കുന്നതു പോലെ മനുഷ്യന്‍ എല്ലാത്തിനെയും മെരുക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ തലമുറയോട് പറയാനുള്ളത് എല്ലാ പുതിയ സാങ്കേതിക വിദ്യയും അറിഞ്ഞിരിക്കുക എന്നതാണ്.
ഞാനൊക്കെ എഡിറ്റിങ് ടൂളുകള്‍ പഠിച്ച് ചെയ്തതാണ്, പക്ഷേ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ചെറിയ പ്രായത്തില്‍ തന്നെ ഫോണുകളിലും കംപ്യൂട്ടറുകളിലും എഡിറ്റിങ് ചെയ്യുന്നവരാണ്. അവരെ സംബന്ധിച്ച് അതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. വീഡിയോ എഡിറ്റിങ്ങും ഫോട്ടോ എഡിറ്റിങ്ങും അറിയാത്തവര്‍ ഇന്ന് വിരളമാണ്. സാമൂഹികമാധ്യമത്തില്‍ വരുന്ന മികച്ച ചില എഡിറ്റിങ് വീഡിയോകള്‍ ശ്രദ്ധിക്കാറുണ്ട്,’ അദ്ദേഹം പറഞ്ഞു.
വെള്ളിമൂങ്ങ, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജിലേബി, സാള്‍ട്ട് മാംഗോ ട്രീ തുടങ്ങിയ ചിത്രങ്ങളും എഡിറ്റ് ചെയ്തിട്ടുള്ള സൂരജ് 2010 ല്‍ പുറത്തിറങ്ങിയ 24 ഹവേഴ്സ് ആണ് ആദ്യമായി എഡിറ്റിങ് ചെയ്യുന്ന ചിത്രം.
Content Highlight: Eko Movie Editor Sooraj about AI Tool and Editing Concepts