മികച്ച പ്രേക്ഷക പ്രതികരണത്തോടെ നിറഞ്ഞ സദസ്സുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. ബാഹുല്‍ രമേഷ് തിരക്കഥയെഴുതി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലറാണ്.
റിലീസിനു ശേഷം മികച്ച പോസിറ്റീവ് റിവ്യൂ ലഭിച്ച് മുന്നേറുന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍.
‘കാരവാന് എത്തിച്ചേരാന്‍ പറ്റിയ സ്ഥലത്തായിരുന്നില്ല ഷൂട്ടിങ്ങ്, ഒരുപാട് ദൂരം ജീപ്പില്‍ യാത്ര ചെയ്ത് രണ്ട് മലകള്‍ താണ്ടി വീണ്ടും കുറെ ദൂരം നടന്നാല്‍ മാത്രമാണ് ലൊക്കേഷനിലേക്ക് എത്തിച്ചേരാനാവുക. പല ലൊക്കേഷനുകളിലും തണലു പോലുമുണ്ടാകില്ല, അത്രയും വലിയ ക്രൂവിന് നില്‍ക്കാനായ് ഏറ്റവും മുകളിലുള്ള വീട് മാത്രമാണുണ്ടായിരുന്നത്. മഴ പെയ്താല്‍ സാഹചര്യം വീണ്ടും വഷളാകും. നടക്കാന്‍ പറ്റാത്ത രീതിയില്‍ ലൊക്കേഷനില്‍ ചളിയാകും.
സഹിക്കാന്‍ പറ്റാത്ത രീതിയിലുള്ള തണുപ്പായിരിക്കും മഴ പെയ്താലുണ്ടാകുക. പലപ്പോഴും അതിശക്തമായ രീതിയിലുള്ള കാറ്റടിച്ച് ഓട് പാറിപ്പോയി വീടിനുള്ളിലേക്ക് വെള്ളമെത്തും, ആര്‍ട്ട് ഡയറക്ടര്‍ സജീഷും ടീമും മറ്റെല്ലാവരും കൂടിച്ചേര്‍ന്നാണ് ഓരോതവണയും പ്രശ്നം പരിഹരിച്ചത്,’ സംവിധായകന്‍ പറഞ്ഞു.
‘രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ഷൂട്ട് ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ ലൊക്കേഷനിലെത്തിയത് എന്നാല്‍ രണ്ടുദിവസം കൊണ്ട് തന്നെ ഇത് നടക്കില്ലെന്നു മനസ്സിലായി. കാരണം ഉച്ചക്ക് ശേഷം രണ്ടുമണി മുതല്‍ അവിടെ മഴപെയ്യും. മഴ പെയ്താല്‍ പിന്നെ ഷൂട്ടിങ്ങ് സാധ്യമായിരുന്നില്ല. അതുകൊണ്ട് രാവിലെ മുതല്‍ വൈകീട്ട് വരെ ചാര്‍ട്ട് ചെയ്ത കണ്ടെന്റ് ഉച്ചക്ക് രണ്ട് മണിക്കുള്ളില്‍ ഷൂട്ട് ചെയ്തു തീര്‍ക്കണമെന്നത് വലിയ വെല്ലുവിളിയായിരുന്നു.
എപ്പോഴും ഒരു എഡ്ജില്‍ നിന്നാണ് ഷൂട്ട് ചെയ്തത് , പരമാവധി റീ ടെയ്ക്കുകളും തെറ്റുകളും കുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കാരണം സമയം വളരെ പരിമിതമായിരുന്നു. എന്തെങ്കിലും കാരണം കൊണ്ട് രണ്ടു മണിക്കുള്ളില്‍ ഷൂട്ടിങ്ങ് തീര്‍ക്കാനായില്ലെങ്കില്‍ അത് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കേണ്ടിവരും ഇത് ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റിനെയും ബഡ്ജറ്റിനെയും എല്ലാം ബാധിക്കുമായിരുന്നു. മാത്രമല്ല കോടയുടെയും മഴയുടെയും തുടര്‍ച്ചയുമെല്ലാം സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്ന കാര്യമായിരുന്നു’ ബാഹുല്‍ രമേഷ് പറയുന്നു.
ചിത്രത്തില്‍ നായ്കള്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു, കുറഞ്ഞ സമയത്തിനുള്ളില്‍ തങ്ങള്‍ ഉദ്ദേശിച്ച നായയെ പരിശീലിപ്പിച്ചെടുക്കാന്‍ പറ്റുമോ എന്ന പേടിയുണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. തിരുവനന്തപുരത്തുകാരനായ ജിജേഷ് ആണ് സിനിമയിലെ നായ്ക്കളെ പരിശീലിപ്പിച്ചത്. പ്രായം ഒരു വെല്ലുവിളിയായിരുന്നെങ്കിലും നായ്ക്കളെ നല്ല രീതിയില്‍ തന്നെ ജിജേഷ് പരിശീലിപ്പിച്ചുവെന്ന് സംവിധായകന്‍ പറഞ്ഞു.
സന്ദീപ് പ്രദീപ്, നരെന്‍, വിനീത്, ബിനു പപ്പു, അശോകന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം ആരാധ്യ സ്റ്റുഡിയോസിന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭമാണ്.
Content Highlight: Eko Movie Director and Editor Dinjith Ayyathan Bahul Ramesh about the challenges they faced