വിമത നീക്കത്തിനിടയില്‍ എന്തെങ്കിലും അട്ടിമറി സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ രക്തസാക്ഷികളായേനെ: ഏക് നാഥ് ഷിന്‍ഡെ
national news
വിമത നീക്കത്തിനിടയില്‍ എന്തെങ്കിലും അട്ടിമറി സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ രക്തസാക്ഷികളായേനെ: ഏക് നാഥ് ഷിന്‍ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th August 2022, 4:32 pm

മുംബൈ: പാര്‍ട്ടി നേതൃത്വത്തിനെതിരായ വിമത നീക്കത്തില്‍ എന്തെങ്കിലും അട്ടിമറി നടന്നിരുന്നെങ്കില്‍ താനും മറ്റ് വിമത എം.എല്‍.എമാരും രക്തസാക്ഷികളായി മാറുമായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ.

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഡെയര്‍ ഗ്രാമം സന്ദര്‍ശനം നടത്തിയ വേളയിലായിരുന്നു ഷിന്‍ഡെയുടെ പരാമര്‍ശം.

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കിയ ഷിന്‍ഡെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് ശിവസേന എം.എല്‍.എമാരും ജൂണില്‍ മഹാരാഷ്ട്രയില്‍ നിന്ന് വിട്ടുനിന്നിരുന്നു. പത്ത് ദിവസത്തോളം ഗുവാഹത്തിയിലായിരുന്നു സംഘം ക്യാമ്പ് ചെയ്തത്.

തന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ലെന്നും എന്നാല്‍ തന്നെ വിശ്വസിച്ച് എത്തിയ 50 എം.എല്‍.എമാരുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്ന് അറിയാമായിരുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു.

വിമത നീക്കത്തില്‍ എന്തെങ്കിലും അട്ടിമറി നടന്നിരുന്നെങ്കില്‍ ഞങ്ങള്‍ രക്തസാക്ഷിയാകുമായിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു. അതേ പരിപാടിയില്‍ സംസാരിക്കവെ, കൊയ്‌ന അണക്കെട്ട് പദ്ധതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

പടിഞ്ഞാറന്‍ മഹാരാഷ്ട്രയും കൊങ്കണും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഷിന്‍ഡെ പറഞ്ഞു.

അതേസമയം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കൂടെനിര്‍ത്തിയ ശിവസേന എം.എല്‍.എമാര്‍ക്കിടയില്‍ വാക്കു പാലിക്കാനാകാതെ പ്രയാസപ്പെടുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമത നീക്കത്തിനിടെ നാല്‍പതോളം എം.എല്‍.എമാരെ ഷിന്‍ഡെ തനിക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഷിന്‍ഡെ അധികാരത്തിലെത്തി ഏറെ ദിവസങ്ങള്‍ക്ക് ശേഷം നടന്ന മന്ത്രിസഭാ രൂപീകരണത്തിലും വിമതരില്‍ പലരേയും പരിഗണിച്ചിരുന്നില്ല.

ഇതിനെതിരെ മന്ത്രിസഭാ രൂപീകരണ ദിവസം തന്നെ ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന പ്രഹാര്‍ ജന്‍ശക്തി നേതാവ് ബച്ചു കദു ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിമത നീക്കം നടത്തുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് ഷിന്‍ഡെ തനിക്ക് ഉറപ്പുനല്‍കിയിരുന്നു എന്നാണ് ബച്ചു കദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

മന്ത്രിസഭയില്‍ മൂന്നില്‍ രണ്ട് പങ്കാളിത്തമെന്ന ഷിന്‍ഡെയുടെ ആവശ്യവും പ്രധാന വകുപ്പുകള്‍ക്കായുള്ള വാദവും ബി.ജെ.പി അംഗീകരിക്കാത്തതാണ് ഷിന്‍ഡെയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവില്‍ ഇരുപക്ഷത്തുനിന്നും ഒമ്പത് വീതം മന്ത്രിമാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വേണ്ട വകുപ്പുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Content Highlight: Eknath shinde says if any sabotage happened we would have been martyrs